ന്യൂജഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസിഎൻഎ) 11-ാമത് അന്താരാഷ്ട്ര സമ്മേളനം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ന്യൂജഴ്സി എഡിസണ് ഷെറാട്ടണ്‍ ഹോട്ടലിൽ നടക്കും.
സമ്മേളനത്തിൽ മുഖ്യാതിഥിയായി വി.കെ. ശ്രീകണ്ഠൻ എംപി പങ്കെടുക്കും. പ്രമോദ് നാരായൺ എംഎൽഎ, മാധ്യമപ്രവർത്തകരായ ജോണി ലൂക്കോസ്, അബ്ജോദ് വറുഗീസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, മോത്തി രാജേഷ്, ലീൻ ബി. ജെസ്മസ് തുടങ്ങിയവരും പങ്കെടുക്കും.
വെള്ളിയാഴ്ച പ്രസിഡൻഷ്യൽ നൈറ്റും മ്യൂസിക്കൽ ഗാലയും അരങ്ങേറും. ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന നൃത്തോത്സവിൽ മാസ്മരിക നൃത്ത വിരുന്നിന്റെ ചടുല താളങ്ങളുമായി പ്രമുഖ നർത്തകികൾ അണിചേരും.
മാലിനി നായർ - സൗപർണിക ഡാൻസ് അക്കാദമി, രേഖ പ്രദീപ് - ടീം മുദ്ര, റുബീന സുധർമൻ - വേദിക പെർഫോമിംഗ് ആർട്സ്, ബിന്ധ്യ ശബരിനാഥ് - മയൂര സ്കൂൾ ഓഫ് ഡാൻസ് എന്നിവരുടെ നേതൃത്വത്തിലാണ് നൃത്ത വിസ്മയം ഒരുക്കിയിരിക്കുന്നത്.
കോൺഫറൻസിന്റെ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.