മുസാഫർനഗർ: ഭാര്യ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി നദിയിൽ ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി യമുന നദിയിൽ ചാടിയത്.
12 കാരനായ മഹക്, അഞ്ച് വയസുകാരി ഷിഫ, മൂന്ന് വയസുള്ള അമൻ, എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഇനൈഷ എന്നിവരാണ് സല്‍മാന്റെ മക്കള്‍.
ഭാര്യ പോയതിനെ കുറിച്ചും താനും മക്കളും നദിയിൽ ചാടാൻ പോകുകയാണെന്നും പറഞ്ഞ് ഒരു വീഡിയോ സൽമാൻ സഹോദരിക്ക് അയച്ചിരുന്നു. മരണത്തിന് കാരണം ഭാര്യയും കാമുകനുമാണെന്നും ഇയാൾ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഈ വീഡിയോയുമായി സഹോദരി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടേയും സഹായത്തോടെ പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
പതിനഞ്ച് വർഷം മുൻപാണ് സൽമാനും കുഷ്നുമയും തമ്മിൽ വിവാഹിതരായത്. എന്നാൽ ഈ അടുത്തായി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞദിവസം തർക്കത്തിന് പിന്നാലെ കുഷ്നുമ തന്റെ ആൺ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.
പിന്നാലെ സൽമാൻ മക്കളുമായി യമുനയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ചാടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും തിരച്ചില്‍ തുടരുമെന്നും പോലീസ് വ്യക്തമാക്കി.
Tags : Uttar Pradesh Yamuna suicide children death