ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചുവെന്ന് പ്രതികരിച്ച പ്രധാനമന്ത്രി, ബി.ആർ. ഗവായിയോട് സംസാരിക്കുകയും ചെയ്തു.
"ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ബി.ആർ. ഗവായി ജിയോട് സംസാരിച്ചു. ഇന്ന് രാവിലെ സുപ്രീംകോടതി പരിസരത്ത് വച്ച് അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കി. നമ്മുടെ സമൂഹത്തിൽ ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് സ്ഥാനമില്ല. ഇത് തികച്ചും അപലപനീയമാണ്'.- അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
രാവിലെ കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. ഡയസിന് അരികിലെത്തിയ അഭിഭാഷകൻ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്പ്പെടുത്തി.
എന്നാല്‍ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റീസ് ശാന്തനായി ഇരിക്കുകയും നടപടികള്‍ തുടരുകയും ചെയ്തു. ഇത് തന്നെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. നാടകീയ സംഭവങ്ങളില്‍ കുറച്ചുനേരം പരിഭ്രാന്തി നിലനിന്നെങ്കിലും പിന്നീട് കോടതി നടപടികൾ തുടര്‍ന്നു.
71 വയസുള്ള രാകേഷ് കിഷോർ എന്നയാളാണ് അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. സനാതന ധര്‍മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. ഇയാളെ പോലീസിന് കൈമാറിയിരുന്നു. പിന്നീട് വിട്ടയച്ചു.
Tags : PM Modi Chief Justice Condemns Attack