പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാർ എൻഡിഎയിൽ ഭിന്നത രൂക്ഷമാകുന്നു. എൽജെപിക്ക് പിന്നാലെ ഹിന്ദുസ്ഥാനി അവാം മോർച്ചയും നിലപാട് കടുപ്പിച്ചു.
മത്സരിക്കാൻ 15 സീറ്റുകളെങ്കിലും ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയും ആയ ജിതൻ റാം മാഞ്ചി വ്യക്തമാക്കി. എന്നാൽ എൻഡിഎയിൽ ഉറച്ചുനിൽക്കുമെന്നും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും മാഞ്ചി പറഞ്ഞു.
"തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ല. വലിയ കക്ഷിയാകണമെന്നും ഇല്ല. എന്നാൽ തന്റെ പാർട്ടിക്ക് അർഹമായ പരഗണന ലഭിക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല.'- മാഞ്ചി കൂട്ടിച്ചേർത്തു.
40 സീറ്റുകളെങ്കിലും ലഭിക്കണമെന്ന് ചിരാഗ് പാസ്വാന്റെ എൽജെപി നിലപാട് എടുത്തിരുന്നു. ചിരാഗിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് എച്ച്എഎം നിലപാട് കടുപ്പിച്ചത്. ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണിയിലെ മുതിർന്ന നേതാക്കൾ. ബിജെപി ദേശിയ അധ്യക്ഷൻ ജെ. പി. നദ്ദ മാഞ്ചിയോട് സംസാരിച്ചതായി റിപ്പോർട്ടുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
Tags : bihar election 2025 jithan ram manjhi hindustani awam morcha bihar nda