പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയ ജെഎംഎമ്മിന്റെ നടപടിയെ കുറിച്ച് മഹാസഖ്യത്തിനുള്ളിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാകേഷ് സിൻഹ. ജെഎംഎമ്മിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"നിരാശയോടെയാണ് ജെഎംഎം മത്സര രംഗത്ത് നിന്ന് പിന്മാറിയത്. ആർജെഡിക്കും കോൺഗ്രസിനും എതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് അവർ മത്സരരംഗത്ത് നിന്ന് പിന്മാറിയത്. ഇത് സഖ്യത്തിന് ഒട്ടും ശുഭകരമായ കാര്യമല്ല.'- രാകേഷ് സിൻഹ പറഞ്ഞു.
"സഖ്യത്തിനുള്ളിലെ കക്ഷികൾ തമ്മിൽ ആശയവിനിമയം ശരിയായ രീതിയിൽ നടക്കേണ്ടതുണ്ട്. മഹാസഖ്യത്തിനുള്ളിലെ പാർട്ടികളെ തമ്മിൽ തല്ലിക്കാൻ ഭരകക്ഷി നന്നായി ശ്രമിക്കുന്നുണ്ട്. അതിനിടയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി ഉണ്ടാകാതെ ഇരിക്കാൻ സഖ്യത്തിലെ നേതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.'- രാകേഷ് സിൻഹ പറഞ്ഞു.
ആർജെഡി അഗണിക്കുന്നുവെന്ന് പറഞ്ഞ് ആദ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജെഎംഎം പിന്നീട് ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ആറ് മണ്ഡലങ്ങളിലാണ് ജെഎംഎം മത്സരിക്കാനിരുന്നത്. പിന്നാലെ ആർജെഡിക്കും കോൺഗ്രസിനും എതിരെ ജെഎംഎം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Tags : bihar election 2025 rakesh sinha congress rjd jmm grand alliance