നടി ഉര്‍വശിക്കൊപ്പമുള്ള മനോഹരമായ ചിത്രവുമായി നടി ശോഭന. കൊച്ചി വിമാനത്താവളത്തില്‍വച്ച് ഉര്‍വശിയെ കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമാണ് ശോഭന പങ്കുവച്ചത്. ഉർവശിയുടെ കവിളിൽ ഉമ്മ നൽകുന്നൊരു ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മനോഹരമായൊരു കുറിപ്പും ചിത്രത്തിനൊപ്പം ശോഭന പങ്കുവച്ചു.
‘കൊച്ചിയിലേക്ക് ഇത്രയുമധികം വിമാനയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ഉര്‍വശി ജിയെ കണ്ടുമുട്ടാതിരുന്നത് എന്താണെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അവള് ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ 'പൊടി' തന്നെയാണ്.
എന്റെ നമ്പര്‍ അവളുടെ ഫോണില്‍ എനിക്ക് സേവ് ചെയ്യണമായിരുന്നു. ഞങ്ങൾ പരസ്പരം മൊബൈലുകൾ തിരഞ്ഞു. അവൾക്കും അതൊരു വൈകാരിക നിമിഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവള് ആരെയും അതിശയിപ്പിക്കുന്നൊരു നടിയാണ്’, ശോഭന കുറിച്ചു.
വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഉർവശിയും ശോഭനയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്.