തൃശൂർ റൂറൽ പോലീസിന് 6.16 കോടിയുടെ ഭരണാനുമതി
1591187
Saturday, September 13, 2025 1:29 AM IST
തൃശൂർ: റൂറൽ പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 6.16 കോടിയുടെ ഭരണാനുമതി. ഠാണാ ജംഗ്ഷനിൽ പുതിയ കെട്ടിടം നിർമിച്ചു സൈബർ സ്റ്റേഷൻ, അടിയന്തര പ്രതികരണസംവിധാനത്തിനുള്ള(ഇആർഎസ്എസ്) കണ്ട്രോൾ റൂം എന്നിവ മാറ്റിസ്ഥാപിക്കാൻ 5.68 കോടിയും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്യാന്പ് ഓഫീസ് നിർമാണം പൂർത്തിയാക്കാൻ 48 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
112 ഹെൽപ്പ്ലൈൻ നന്പർ മുഖേന പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നീ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് ഇആർഎസ്എസ് രൂപീകരിച്ചത്. കാട്ടുങ്ങച്ചിറയിൽ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലാണ് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്.
ഓണ്‍ലൈൻ തട്ടിപ്പുകൾ, ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ കേസുകൾ നിരീക്ഷിച്ചു തടയുന്നതിനുള്ള ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കും വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതികസഹായ സംവിധാനങ്ങളും സൈബർ സ്റ്റേഷന്റെ ഭാഗമായി ഒരുക്കും.