രൂപതയുടെ പ്രഥമ മെത്രാസനമന്ദിരവും സെമിനാരിയും ഇനി പൈതൃകമന്ദിരം
1590440
Wednesday, September 10, 2025 1:46 AM IST
ഇരിങ്ങാലക്കുട: രൂപതയുടെ വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യങ്ങളുമായി പൈതൃകമന്ദിരം ഇന്നു വെഞ്ചരിക്കും. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാസനമന്ദിരമാണ് പൈതൃകമന്ദിരമായി മാറ്റിയിരിക്കുന്നത്. രൂപത പിന്നിട്ട കാലങ്ങളെക്കുറിച്ച് ഒരു സമഗ്രമായചരിത്രം ഇവിടെ ഒരുക്കുന്നുണ്ട്. 1880ല്‍ സ്ഥാപിതമായ സെന്റ്് മേരീസ് പള്ളി (കിഴക്കേ പള്ളി)യുടെ വൈദിക മന്ദിരമാണു രൂപത സ്ഥാപിത മായപ്പോള്‍ മെത്രാസനമന്ദിരമായി മാറിയത്.
1978 സെപ്റ്റംബര്‍ 10 നായിരുന്നു പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ അഭിഷേകവും പുതിയ രൂപതയുടെ ഔപചാരിക ഉദ്ഘാടനവും. രൂപത നിലവില്‍ വന്നതോടെ സെന്റ്് ജോര്‍ജ് ഫൊറോന പള്ളി സെന്റ്് തോമസ് കത്തീഡ്രലായും രൂപതയുടെ ആസ്ഥാന ദേവാലയമായും ഉയര്‍ത്തപ്പെട്ടു. സെന്റ് മേരീസ് പള്ളി തിരുഹൃദയ ആധ്യാത്മിക കേന്ദ്രമായും മെത്രാസന മന്ദിരവുമായും മാറ്റപ്പെട്ടു.
പരിമിതമായ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഈ പള്ളിമേട ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ തന്റെ ഭരണനിര്‍വഹണ കാര്യാലയമായും മൈനര്‍ സെമിനാരിയായും മാറ്റി. ആദ്യത്തെ അഞ്ചു വര്‍ഷക്കാലം രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെയാണു നടന്നത്.
1981 ജനുവരി അഞ്ചിന് എകെപി ജംഗ്ഷനു സമീപം പുതിയ മൈനര്‍ സെമിനാരിയുടെ ശിലാസ്ഥാപനം പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ലദ്ധിസ്ലാവ് റൂബിന് നിര്‍വഹിച്ചു. 1982 ജനുവരി ഒന്നിന് ഠാണാ ജംഗ്ഷനുസമീപം നിര്‍മിച്ച പുതിയ രൂപത മന്ദിരത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും തൃശൂര്‍ രൂപത ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളം നിര്‍വഹിച്ചു. 1983 ജൂണ്‍ രണ്ടിന് സെന്റ് പോള്‍സ് മൈനര്‍ സെമിനാരി ആരംഭിച്ചുവെങ്കിലും 1985 സെപ്റ്റംബര്‍ 10ന് രൂപതാദിനത്തില്‍ സെമിനാരിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം ആർച്ച്ബിഷപ് മാര്‍ ആന്റണി പടിയറ നിര്‍വഹിച്ചു.
ഇരിങ്ങാലക്കുടയിലെ കൈസ്തവരുടെ ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ തിരുശേഷിപ്പായുള്ള ഈ പൈതൃകമന്ദിരം അതിന്റെ തനിമ നിലനിർത്തിയാണ് പുനരുദ്ധരിച്ചിരിക്കുന്നത്. ഇന്നത്തെ രൂപതാദിന ചടങ്ങുകള്‍ക്കുശേഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആശീര്‍വാദം നിര്‍വഹിക്കും.