പുലിയെ കണ്ടതായി നാട്ടുകാര്‍; സ്ഥിരീകരിക്കാതെ വനംവകുപ്പ്
1590933
Friday, September 12, 2025 1:03 AM IST
വരന്തരപ്പിള്ളി: കവരംപിള്ളിയില്‍ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍. ബുധനാഴ്ച രാത്രി ഒമ്പതോടെ കവരംപിള്ളി മുളന്തറ ബിനോജാണ് വീടിനുസമീപത്തെ റബര്‍തോട്ടത്തില്‍ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി പറയുന്നത്.
രാത്രി അലര്‍ച്ചപോലുള്ള ശബ്ദംകേട്ടാണ് ബിനോജ് വീടിനു പുറത്തിറങ്ങി നോക്കിയത്. ടോര്‍ച്ച് വെളിച്ചത്തിലാണ് ഒരു ജീവി ഇരിക്കുന്നതു കണ്ടത്. തുടര്‍ന്നു മൊബൈലില്‍ ജീവിയുടെ വീഡിയോ പകര്‍ത്തുകയും ചെയ്തു. ടോര്‍ച്ച് തെളിച്ചപ്പോള്‍ എഴുന്നേല്ക്കുകയും വളരെ സാവകാശം ഇരുളിലേക്കു മറയുകയുമായിരുന്നു. ഈ സമയം വീട്ടിലെ നായകള്‍ പേടിച്ചു പതുങ്ങിയിരിക്കുകയായിരുന്നെന്നും ബിനോജ് പറഞ്ഞു.
തുടര്‍ന്നു വനപാലകരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി സ്ഥലത്തു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അതേസമയം, പാലപ്പിള്ളി കാരികുളം പാഡിക്കു സമീപം പുലിയുടെ ആക്രമണത്തില്‍ ചത്തതെന്നു സംശയിക്കുന്ന നിലയില്‍ പശുക്കുട്ടിയുടെ ജഡം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തോട്ടത്തില്‍ ജഡം കണ്ടത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിരന്തരം പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടികള്‍ കൊല്ലപ്പെടുകയും ജനങ്ങള്‍ പുലിഭീതിയില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തരമായി വനംവകുപ്പ് പുലിയെ പിടികൂടുന്നതിനു കൂട് സ്ഥാപിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്നു നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്കു നേതൃത്വം നല്കുമെന്നു മലയോര കര്‍ഷകസംരക്ഷണസമിതി അറിയിച്ചു.