കുന്നംകുളം കസ്റ്റഡി മർദനം: കോൺഗ്രസ് പ്രതിഷേധം
1590430
Wednesday, September 10, 2025 1:46 AM IST
കുന്നംകുളം നഗരസഭാ കൗൺസിൽ യോഗം
കുന്നംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനു പോലീസ് സ്റ്റേഷനിൽ മർദനമേറ്റതു സംബന്ധിച്ചു നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ യോഗം തടസപ്പെടുത്തി.
ഇന്നലെ ചേർന്ന അടിയന്തര കൗൺസിൽ യോഗം ആരംഭിക്കുന്നനേരത്താണ് പ്രതിപക്ഷമായ കോൺഗ്രസിലെ ബിജു സി. ബേബി, ഷാജി ആലിക്കൽ എന്നിവർ സുജിത്തിനേറ്റ കടുത്ത മർദനം പരാമർശിച്ചുകൊണ്ടുള്ള വിശദീകരണം നടത്തിയത്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ കുന്നംകുളം നഗരസഭ കൗൺസിൽ യോഗം ഐകകണ്ഠ്യേന പ്രതിഷേധം രേഖപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഇതുസംബന്ധിച്ച് അന്വേഷണം സർക്കാർതലത്തിൽ നടക്കുന്നുണ്ടെന്നും പ്രാഥമികനടപടികൾ ഇവർക്കെതിരേ സ്വീകരിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ സീതാ രവീന്ദ്രൻ പറഞ്ഞു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സുരേഷ്, ബിജെപി കൗൺസിലർമാരായ കെ.കെ. മുരളി, ബിനു പ്രസാദ്, ബീന രവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചെയർപേഴ്സൺ സീത രവീന്ദ്രൻ പ്രമേയ അവതരണ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ അനുമതിയില്ലാതെതന്നെ ബിജു സി. ബേബി പ്രമേയം അവതരിപ്പിക്കുകയും ഷാജി ആലിക്കൽ പിന്താങ്ങുകയുംചെയ്തു.
ഇത് അംഗീകരിക്കാതിരുന്ന ചെയർപേഴ്സൺ അജൻഡ വായിച്ചു നടപടികളിലേക്ക് കടന്നു. ഇതോടെ കോൺഗ്രസ് കൗൺസിലർമാർ ചെയർപേഴ്സന്റെ ചേംബറിനുമുന്നിൽ പ്രതിഷേധിച്ചു.
ഭരണസമിതിക്കെതിരേ മുദ്രാവാക്യംവിളിച്ച കൗൺസിലർമാർ കൗൺസിൽ നടപടികൾ തടസപ്പെടുത്തി. ഇതോടെ അജൻഡകളെല്ലാം പാസായതായി പ്രഖ്യാപിച്ചു ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടു.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ചിൽ
സംഘർഷം
വടക്കാഞ്ചേരി: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ സംസ്ഥാനപാതയിൽ ഏറെനേരം തെരുവുയുദ്ധമായിരുന്നു.
ഓട്ടുപാറയിൽനിന്നു ആരംഭിച്ച മാർച്ച് വടക്കാഞ്ചേരി പുഴപാലത്തിനു സമീപം പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരികേഡ് മറിച്ചിട്ടതോടെയാണ് സംഘർഷത്തിന് തുടക്കംകുറിച്ചത്. തുടർന്ന് പോലീസ് ജലപീരങ്കി ഉപയോഗിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനെ പോലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ജീപ്പിന്റെ ചക്രം കാൽപാദത്തിലൂടെ കയറിയിറങ്ങി ഗോകുലിനു പരിക്കേറ്റു. തുടർന്ന് പ്രവർത്തകർ തൃശൂർ - ഷൊർണൂർ സംസ്ഥാനപാത ഉപരോധിച്ചു. ഉപരോധത്തെതുടർന്ന് മണിക്കൂറുകളോളം വാഹനഗതാഗതവും തടസപ്പെട്ടു.
സംഭവത്തിൽ യാത്രക്കാരും പ്രവർത്തകരും തമ്മിൽ വാക്കുതർക്കവുമുണ്ടായി. പരിക്കേറ്റ ഗോകുലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെനേരം സംസ്ഥാനപാതയിൽ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. തുടർന്നുനടന്ന പ്രതിഷേധ ധർണ ഡിസിസി സെക്രട്ടറി കെ. അജിത്കുമാർ ഉദ്ഘാടനംചെയ്തു. നേതാക്കളായ ഷാഹിദ റഹ്മാൻ, പി.ജെ. രാജു, ബിജു ഇസ്മയിൽ, അഡ്വ. മുഹമ്മദ് ഷെഫീക്ക്, ആദിത്യൻ കാഞ്ഞങ്ങാട്ട്, അക്ഷയ് വെള്ളറക്കാട്, സാരഗ് തിരുവില്വാമല, അക്സാൻ ഷെയ്ക്ക് തുടങ്ങിയവർ സമരത്തിന് നേതൃത്വംനൽകി.