വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ അണിഞ്ഞൊരുങ്ങുന്നു
1591170
Saturday, September 13, 2025 1:28 AM IST
വടക്കാഞ്ചേരി: കേന്ദ്രസർക്കാർ അമൃത് ഭാരത് പദ്ധതിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചിലവിൽ നിർമിക്കുന്ന വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം ഡിആർഎം ദിവ്യകാന്ത് ചന്ദ്രകാറും സംഘവും സന്ദർശനം നടത്തി. യുദ്ധകാലടിസ്ഥാനത്തിൽ നടത്തുന്ന നിർമാണം പൂർത്തിയായാൽ ഒക്ടോബറിൽ പ്രധാനമന്ത്രി സമർപ്പണം നടത്തും. സന്ദർശനത്തിനിടെ കെ.രാധാകൃഷ്ണൻ എംപി മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം, ട്രെയിൻ സ്റ്റോപ്പുകൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സ്റ്റേഷനിൽ സിസിടിവി നിരീക്ഷണ സംവിധാനവും മതിയായ ലൈറ്റിംഗ് സൗകര്യവും ഇല്ലാത്തത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് എംപി ചൂണ്ടിക്കാട്ടി. ഇതുമൂലം സ്ത്രീകൾ, മുതിർന്നവർ, രാത്രി യാത്രക്കാർ എന്നിവർക്ക് ബുദ്ധിമുട്ട് നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ സ്റ്റേഷൻ പരിസരത്ത് നടന്ന മോഷണവും എംപി സൂചിപ്പിച്ചു. കൂടാതെ, സ്റ്റേഷന്റെ പടിഞ്ഞാറു വശത്ത് റെയിൽവേ കുന്ന് ചരൽപറമ്പ് പ്രദേശങ്ങളിൽ താമസിക്കുന്ന 400-ഓളം കുടുംബങ്ങൾക്കു റെയിൽവേ പാളം മുറിച്ചുകടന്നുവേണം നഗരത്തിലേക്കെത്താൻ. ഇതിനായി ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
വടക്കാഞ്ചേരിയിൽ കൂടുതൽ എക്സ്പ്രസ് ട്രെയിൻ സ്റ്റോപ്പേജുകൾ അനുവദിക്കണമെന്നും, കോവിഡ് കാലത്ത് ഒഴിവാക്കിയ രാത്രികാല ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലെ പരിതാപകരമായ അവസ്ഥയും എംപി ഡിആർഎമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഹൈലെവൽ പ്ലാറ്റ്ഫോമുകൾ, റാമ്പുകൾ, വൈകല്യമുള്ളവർക്കായുള്ള പ്രത്യേക ടിക്കറ്റ് കൗണ്ടർ, ഫുട് ഓവർ ബ്രിഡ്ജ്, പുതിയ സ്റ്റേഷൻ കെട്ടിടം എന്നിവ അടിയന്തിരമായി ഒരുക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
മുള്ളൂർക്കര റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ചേലക്കര, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിൽ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ എത്തി നിൽക്കുന്ന ആട്ടോർ, പോട്ടോർ, മാരാത്തുകുന്ന്, അമല, അകമല കാട്ടിലെ പാലം, മുള്ളൂർക്കര, പൈങ്കുളം എന്നീ റെയിൽവേ മേൽപ്പാലങ്ങളുടെ പുരോഗതി വിലയിരുത്താൻ ഒക്ടോബർ ആദ്യവാരം തിരുവനന്തപുരത്ത് ഡിആർഎം ഓഫീസിൽ വെച്ച് യോഗം ചേരും. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർബ്രിഡ്ജ് നിർമിക്കുന്നതിനുള്ള പ്രൊപ്പോസൽ തയാറാക്കുമെന്നും വടക്കാഞ്ചേരി സ്റ്റേഷനിൽ സിസിടിവി സംവിധാനവും ആവശ്യമായ ലൈറ്റിംഗ് സൗകര്യവും ഏർപ്പെടുത്തുമെന്നും ഡിആർഎം ഉറപ്പു നൽകി.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ, റെയിൽവേ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സി.ഇ. മാരിമുത്തു, ഡിഎം ഇ. പ്രവീൺകുമാർ, ഡി എസ് ടി.ഇ. അജയകുമാർ എന്നിവർ കൂടെയുണ്ടായിരുന്നു.