ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ചുമാസമായി ; ബഡ്സ് സ്കൂൾ തുറന്നില്ല
1590927
Friday, September 12, 2025 1:03 AM IST
പുന്നയൂർക്കുളം: പഞ്ചായത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഉദ്ഘാടനം ചെയ്ത ബഡ്സ് സ്കൂൾ അടഞ്ഞു കിടക്കുന്നു. ചമ്മന്നൂരിൽ നിർമിച്ച ബഡ്സ് സ്കൂൾ കെട്ടിടംകാടുകയറി കിടക്കുകയാണ്. ഭിന്നശേഷി മേഖലയിലെ പ്രവർത്തനത്തിന് സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്ത പുന്നയൂർക്കുളം പഞ്ചായത്തിലെ ബഡ്സ് സ്കൂൾ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു മാസമായിട്ടും തുറന്നില്ല. ഏപ്രിലിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുമ്പോൾ മേയ് മാസത്തിൽ തുറക്കുമെന്നാണ് പറഞ്ഞിരുന്നത്. ജനലുകൾ തുറന്നു കിടക്കുന്നതിനാൽ മരപ്പെട്ടി, വവ്വാൽ തുടങ്ങിയവ കുടിയേറിയിട്ടുണ്ട്.
നാഷണൽ റർബൻ മിഷൻ പദ്ധതിൽ ഉൾപ്പെടുത്തി 54.96 ലക്ഷം രൂപ ചെലവഴിച്ചാണ് ബഡ്സ് സ്കൂളിന്റെ നിർമാണം പൂർത്തീകരിച്ചത്. സ്വകാര്യവ്യക്തി പഞ്ചായത്തിന് സൗജന്യമായി നൽകിയ 26 സെന്റ് സ്ഥലത്താണ് 3660 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ മനോഹരവും വിശാലവുമായ ആധുനിക ബഡ്സ് സ്കൂൾ തയാറാക്കിയത്.
പ്രവേശന കവാടത്തിൽ മനോഹരമായ പടിപ്പുരയും ഒരുക്കിയിട്ടുണ്ട്. നാലു വർഷം മുൻപാണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നത്. പല തവണ നിർമാണം മുടങ്ങി. സ്കൂളിന്റെ നിർമാണം കൂടി പരിഗണിച്ചാണ് 2023 ൽ ഭിന്നശേഷി പ്രവർത്തനത്തിന് അവാർഡ് ലഭിക്കുന്നത്. അവിടം ഇപ്പോൾ നാട്ടുജീവി സൗഹൃദമാണ്.