കാഷ്മീരിലെ കുങ്കുമപ്പൂ ഇനി പുത്തൂരിലും പൂക്കും
1590931
Friday, September 12, 2025 1:03 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കാഷ്മീരിലെ കുങ്കുമപ്പൂ ഇനി പുത്തൂരിലും പൂക്കും. പുത്തൂർ സ്വദേശി ജെയിംസ് കാപ്പാനിയാണ് കുങ്കുമപ്പൂകൃഷിയിൽ വിജയം കൊയ്യാനൊരുങ്ങുന്നത്.
പുത്തൂരിലെ വീട്ടിൽ പ്രത്യേകം ക്രമീകരിച്ച മുറിയിലാണ് കുങ്കുമപ്പൂ കൃഷിചെയ്യുന്നത്. അൾട്രാവയലറ്റ് ലൈറ്റുകൾ, താപനില നിയന്ത്രിക്കുന്നതിനായി എയർ കണ്ടീഷണർ, അന്തരീക്ഷ ഊഷ്മാവിനെ ക്രമപ്പെടുത്താൻ ഹ്യുമിഡിഫയർ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കുങ്കുമപ്പൂകൃഷി. എയറോപോണിക്സ് സംവിധാനത്തിലാണ് കൃഷി.
ടിഷ്യുകൾച്ചർ ചെയ്യാൻ ഉപയോഗിക്കുന്ന ട്രേകളിലാണ് കുങ്കുമപ്പൂവിന്റെ വിത്ത് പാകിയിരിക്കുന്നത്. ലൈറ്റിന്റെയും വെള്ളത്തിന്റെയും താപനിലയുടെയും കാര്യങ്ങളെല്ലാം മൊബൈൽ ഫോണിൽ ഓട്ടോമേഷൻ ചെയ്ത് നിയന്ത്രിക്കുന്നതിനാൽ വീട്ടിലില്ലെങ്കിലും കൃഷിപരിപാലനം സാധ്യമാണെന്നു ജെയിംസ് പറഞ്ഞു.
കേരളത്തിൽ വയനാട്ടിലും കാന്തല്ലൂരിലും കുങ്കുമപ്പൂ കൃഷിചെയ്യുന്നുണ്ടെങ്കിലും തൃശൂരിൽ ഇതാദ്യമാണ്. വൻകിട ഹോട്ടലുകൾ, ആയുർവേദ മരുന്നുനിർമാണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം ധാരാളം കുങ്കുമപ്പൂ ആവശ്യമായി വരുന്നുണ്ടെങ്കിലും കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേരളത്തിൽ കുങ്കുമപ്പൂവിനു വിപണിയുണ്ടെന്നും ജെയിംസ് പറഞ്ഞു.
ഒരു കിലോ കുങ്കുമപ്പൂവിന് മൂന്നു ലക്ഷംമുതൽ ആറുലക്ഷം രൂപവരെ വിലയുണ്ടിപ്പോൾ. പത്തുമുതൽ പതിനഞ്ചു മെട്രിക് ടണ്‍വരെ മാത്രമാണ് ഇന്ത്യയിലെ ഉത്പാദനം. ഇറാനിൽനിന്നും മറ്റുമാണ് ഇപ്പോൾ ഇന്ത്യയിലേക്കു കുങ്കുമപ്പൂ ഇറക്കുമതി ചെയ്യുന്നത്.
തുടക്കത്തിൽ പത്തു കിലോ കുങ്കുമപ്പൂവിത്താണ് കാഷ്മീരിൽനിന്നു വിമാനമാർഗം ജെയിംസ് കൊണ്ടുവന്നത്. ഇതു പാകി പതിനഞ്ചു ദിവസത്തിനുള്ളിൽ വിത്ത് മുളപൊട്ടിയതോടെ കുങ്കുമപ്പൂകൃഷിയുടെ ട്രയൽ വിജയകരമായി.
തുടർന്നു നൂറു കിലോ കുങ്കുമപ്പൂവിത്തിനു കാഷ്മീരിലേക്ക് ഓർഡർ നൽകിക്കഴിഞ്ഞു. കാഷ്മീരിൽ കുങ്കുമപ്പൂ കൈകാര്യംചെയ്യുന്ന ഒരു കന്പനിയുമായും ജെയിംസ് സഹകരിക്കുന്നുണ്ട്. അവരുടെയും, കേരളത്തിൽ വയനാട്ടിൽ കുങ്കുമപ്പൂ കൃഷിചെയ്ത് വിജയം കണ്ട ശേഷാദ്രി ശിവകുമാറിന്റെയും മാർഗനിർദേശങ്ങളും ഉപദേശങ്ങളും ജെയിംസിനു തുണയായുണ്ട്.
500 കിലോ വിത്തിൽനിന്ന് ഒറ്റത്തവണ വിളവെടുപ്പിൽ 750 ഗ്രാം കുങ്കുമപ്പൂവാണത്രെ ലഭിക്കുക. വർഷത്തിൽ മൂന്നുതവണ വരെ വിളവെടുക്കാനാകും. 500 കിലോ വിത്തിൽനിന്ന് 1500 കിലോ വിത്തുത്പാദിപ്പിക്കാമെന്നും ജെയിംസ് പറയുന്നു. നല്ല വിത്തുകൾ കിട്ടാനില്ലാത്തതുകൊണ്ട് വിത്തിനും വിലയേറെയാണ്. കിലോയ്ക്ക് 3500 രൂപമുതൽ വിത്തിനുണ്ട്.
പുത്തൂർ സെന്റ് ജോസഫ് കോണ്‍വെന്റിനു സമീപം നന്പ്യാർ റോഡിലെ വീടിന്റെ മുകളിലെ നിലയിലാണ് ജെയിംസ് തന്റെ കുങ്കുമപ്പൂ കൃഷിയിടത്തിന്റെ മുറി ഒരുക്കിയിരിക്കുന്നത്.
ഭാര്യ ഷീജ തൃശൂർ മെട്രോ ആശുപത്രിയിൽ നഴ്സാണ്. മക്കൾ: അക്കിലാസ്, ഫെലിക്സ്. സൗദിയിൽ ഡിഫൻസിൽ ജോലിചെയ്തിരുന്ന ജെയിംസ് വിരമിച്ചു നാട്ടിലെത്തിയശേഷമാണ് അന്‍പതാംവയസിൽ കുങ്കുമപ്പൂകൃഷിക്കു തുടക്കമിടുന്നത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽനിന്നാണ് ഇത്തരമൊരു കൃഷിയിലേക്കു ജെയിംസ് എത്തിയത്.