കാട്ടൂരിലെ കുടിവെള്ളമലിനീകരണം: മണ്ണുപരിശോധനാഫലം രണ്ടു ദിവസത്തിനകം
1591186
Saturday, September 13, 2025 1:29 AM IST
കാട്ടൂര്‍: കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ ശാസ്ത്രീയപരിശോധനയ്ക്കായി ശേഖരിച്ച മണ്ണിന്റെ പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കും.
തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിലെ വിദഗ്ധരാണ് മണ്ണുപരിശോധന നടത്തിയത്. ചെന്നൈയിലെ ലാബിലാണ് മണ്ണിന്റെ ഫോറന്‍സിക് പരിശോധന. ജൂലൈ ആദ്യവാരത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലെ തീരുമാനപ്രകാരമാണ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കുടിവെള്ളസ്രോതസുകളില്‍ രാസമാലിന്യസാന്നിധ്യത്തെക്കുറിച്ച് പഠിക്കാനും മണ്ണ് പരിശോധിക്കാനും തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവ. എന്‍ജിനീയറിംഗ് കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എ.ജി. ബിന്ദു, ടെക്നിക്കല്‍ സ്റ്റാഫ് കെ.കെ. ഉമ്മര്‍, കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ എ.എം. മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് ശേഖരിച്ചത്.
കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വളപ്പിനുള്ളില്നിന്നും ഒരു സാമ്പിളും സമീപത്തെ കിണറുകളുടെ പരിസരത്തുനിന്നും മൂന്നു സാമ്പിളുകളും ശേഖരിച്ചു. ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചാണ് മണ്ണ് പരിശോധനയ്ക്കെടുത്തിരിക്കുന്നത്. കിണറുകളിലെ രാസമാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ് മണ്ണുപരിശോധനയുടെ ലക്ഷ്യം. കോഴിക്കോട്ടുള്ള സിഡബ്ല്യുആര്ഡിഎമ്മിലേക്കും ജലസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. പരിശോധനാഫലം ലഭിക്കുന്നതിനായി കഴിഞ്ഞ ദിവസം പണമടയ്ക്കാന്‍ പഞ്ചായത്തിനു കത്ത് ലഭിച്ചിരുന്നു.
മണ്ണുപരിശോധനാഫലം
കിട്ടിയശേഷം പരിഹാരം
മണ്ണുപരിശോധനാഫലം കിട്ടിയശേഷമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക. ഏതെല്ലാം രാസവസ്തുക്കളുടെ സാന്നിധ്യമാണ് മണ്ണില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതെന്നു പരിശോധനാഫലം വരുന്നതോടെ വ്യക്തമാകും. അതിനുശേഷം ഈ രാസവസ്തുക്കള്‍ എങ്ങനെ മണ്ണിലും കുടിവെള്ളത്തിലും കലര്‍ന്നുവെന്നതാണ് ആദ്യം പരിശോധിക്കുക. ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്നിന്നുതന്നെയാണോ അതോ മറ്റു കാരണങ്ങള്മൂലമാണോ എന്നും പരിശോധിക്കും.