തമ്പുരാട്ടിപ്പടിയിൽ ഗതാഗതനിയന്ത്രണം ഒരുവർഷം പിന്നിട്ടു; യാത്ര ദുഷ്കരം
1591171
Saturday, September 13, 2025 1:28 AM IST
പട്ടിക്കാട്: ദേശീയപാതയിൽ തമ്പുരാട്ടിപ്പടിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ട് ഒരുവർഷം പിന്നിട്ടു. കഴിഞ്ഞ പതിനാല് മാസമായി മൂന്നുവരി പാതയിലൂടെ രണ്ടുവരിയായാണ് തൃശൂർ ഭാഗത്തേക്ക് വാഹനങ്ങളെ കടത്തിവിടുന്നത്. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നുവന്നെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയപാത അധികൃതർ തയാറായില്ല.
2024 ജൂലൈയിലാണ് തമ്പുരാട്ടിപ്പടിയിലെ സർവീസ് റോഡിലേയ്ക്ക് വനഭൂമിയിൽ നിന്ന് മരങ്ങൾ കടപുഴകി വീണത്. വൻതോതിൽ മണ്ണിടിച്ചിലും ഉണ്ടായി. പ്രദേശത്തെ അപകടഭീഷണി മുന്നിൽക്കണ്ട് പ്രധാനപാതയുടെ ഒരുവരി അടച്ച് രണ്ടുവരിയായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ മണ്ണും മരങ്ങളും നീക്കം ചെയ്ത് സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കാൻ പിന്നീട് അധികൃതർ തയാറായില്ല. മറിച്ച് മൂന്നുവരിപ്പാതയുടെ ഒരുവരി സർവീസ് റോഡിന് പകരമായി ഉപയോഗിക്കാൻ ടാർ വീപ്പകൾ വെച്ച് തിരിക്കുകയായിരുന്നു.
തമ്പുരാട്ടിപ്പടിയിലെ അശാസ്ത്രീയ ഗതാഗതനിയന്ത്രണത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നുവന്നെങ്കിലും വേണ്ട പരിഹാരം കാണാൻ ആരും തയാറായില്ല. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ ടോൾ പിരിവ് തുടരുമ്പോഴും റോഡുകൾ സഞ്ചാരയോഗ്യമാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.