വടക്കാഞ്ചേരിയിൽ നിർത്തിയിട്ട ട്രെയിനിൽ കവർച്ചാശ്രമം
1590929
Friday, September 12, 2025 1:03 AM IST
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നു സ്വർണാഭരണങ്ങൾ കവരാൻ ശ്രമം. മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിലെ രണ്ടു റിസർവേഷൻ കമ്പാർട്ടുമെനന്റിലെ യാത്രക്കാർക്കാണ് അനുഭവമുണ്ടായത്.
ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ട സമയത്ത് എമർജൻസി വിന്റോയുടെ സമീപം ഇരുന്നിരുന്ന രണ്ടു സ്ത്രീകളുടെ ആഭരണങ്ങളാണ് പുറത്തുനിന്നു മോഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ മറ്റു യാത്രക്കാർ ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആർപിഎഫും വടക്കാഞ്ചേരി പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിൽ സിസിടിവി കാമറകൾ ഇല്ലാത്തതിനാൽ സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചു വരികയാണ്. രാത്രി സമയങ്ങളിൽ സ്റ്റേഷനുകളിൽ നിർത്തിയിടുന്ന സ്ലീപ്പർ കോച്ചുകളാണ് മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം. ഇതിനുപിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.