കോർപറേഷനിൽ ഓണസദ്യ വിവാദം
1590431
Wednesday, September 10, 2025 1:46 AM IST
തൃശൂർ: കോർപറേഷൻ ഓണാഘോഷത്തിന് ഉദ്യോഗസ്ഥരിൽനിന്നും ഡിഎൽആർ - സിഎൽആർ തൊഴിലാളികളിൽനിന്നും വൻ പണപ്പിരിവ് നടത്തിയതും വിവാദഹോട്ടലിൽ സദ്യവിളന്പിയതും വിവാദമായി. കോണ്‍ഗ്രസ്- ബിജെപി കൗണ്‍സിലർമാർ ആഘോഷത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. പങ്കെടുത്ത ജീവനക്കാരിൽ പലർക്കും ഭക്ഷണം കിട്ടിയില്ലെന്നും ആക്ഷേപം.
ആഘോഷം കൊഴുപ്പിക്കാൻ ക്ലർക്ക് മുതൽ മുകളിലേക്കു നാനൂറും ഡിഎൽആർ-സിഎൽആർ തൊഴിലാളികളിൽനിന്ന് 200 രൂപവീതവും നിർബന്ധിതപിരിവു നടത്തിയെന്നാണ് ആരോപണം. ഇതിനെതിരേ ഒരു വിഭാഗം ജീവനക്കാർ ശബ്ദമുയർത്തി. ഓണസദ്യ വിവാദഹോട്ടലിൽ സംഘടിപ്പിച്ചതിനാൽ അവർക്കെതിരേ രാഷ്ട്രീയപരമായി കേസിനുപോയ ബിജെപി, കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കു പങ്കെടുക്കാനായില്ല. ഹോട്ടലിൽ വിളന്പിയതു സ്പോണ്‍സേഡ് സദ്യയാണെന്നും പിരിവു നടത്തിയവർ പണം മുക്കിയതായും പ്രതിപക്ഷ കൗണ്‍സിലർമാർ കുറ്റപ്പെടുത്തി.
മുൻവർഷങ്ങളിൽ കോർപറേഷൻ ഓഫീസിനുമുകളിലെ ഹാളിലും തിരുവന്പാടി ദേവസ്വം സൗജന്യമായി അനുവദിക്കുന്ന നന്ദനം ഓഡിറ്റോറിയത്തിലുമാണ് കോർപറേഷൻ ഓണസദ്യ വിളന്പിയിട്ടുള്ളത്. തുക കോർപറേഷൻ ഓണ്ഫണ്ടിൽനിന്നാണു ചെലവഴിച്ചിരുന്നത്. ഇതിനു സർക്കാർ അനുമതിയുമുണ്ട്. എന്നാൽ തുച്ഛമായ ശന്പളം വാങ്ങുന്ന ശുദ്ധീകരണത്തൊഴിലാളികളിൽനിന്നുപോലും ആഘോഷത്തിനായി പണപ്പിരിവു നടത്തിയാണ് ഇത്തവണത്തെ ആഘോഷമെന്നു കൗണ്‍സിലർമാർ കുറ്റപ്പെടുത്തി.
വിവാദഹോട്ടലിൽ ഓണസദ്യ വിളന്പാൻ കാരണം പ്രതിപക്ഷ കൗണ്‍സിലർമാരെ മനഃപൂർവം പങ്കെടുപ്പിക്കാതിരിക്കാനുള്ള തന്ത്രമാണെന്നാണ് ആരോപണം. ഓണം കഴിഞ്ഞാൽ കൗണ്‍സിലിൽ വിഷയം ഉന്നയിക്കാനാണു പ്രതിപക്ഷതീരുമാനം. അനധികൃത പണപ്പിരിവു നടത്തിയവർക്കെതിരേ നടപടിയും ആവശ്യപ്പെടും.