വഴിയില്‍നിന്നുകിട്ടിയ രൂപ ഉടമയ്ക്കുനല്കി പഞ്ചായത്തംഗങ്ങള്‍
1590433
Wednesday, September 10, 2025 1:46 AM IST
പുതുക്കാട്: വഴിയില്‍നിന്നുകിട്ടിയ നോട്ടുകെട്ട് ഉടമയെ കണ്ടെത്തിനല്‍കി പഞ്ചായത്തംഗങ്ങള്‍ മാതൃകയായി. അളഗപ്പനഗര്‍ പഞ്ചായത്തംഗങ്ങളായ ദിനില്‍ പാലപ്പറമ്പില്‍, പ്രിന്‍സ് ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് 20,000 രൂപയുടെ നോട്ടുകെട്ട് റോഡില്നിന്നുകിട്ടിയത്.
500 രൂപയുടെ 40 നോട്ടുകളാണുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി നടന്നുപോകുകയായിരുന്ന മെമ്പര്‍മാര്‍ക്ക് കല്ലൂര്‍ റോഡില്‍നിന്നാണ് പണം കിട്ടിയത്. പണംലഭിച്ച വിവരം ഇവര്‍ വാര്‍ഡുകളിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ അറിയിച്ചു. തുടര്‍ന്ന് പണം പുതുക്കാട് പോലീസില്‍ ഏല്‍പ്പിച്ചു. ആമ്പല്ലൂര്‍ സ്വദേശിയായ മാണിയാക്കുവീട്ടില് ടിറ്റോയുടേതായിരുന്നു നഷ്ടപ്പെട്ട പണം. ബൈക്കില്‍ പോകുന്നതിനിടെ ടിറ്റോയുടെ പോക്കറ്റില്‍നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കാട് എസ്എച്ച്ഒ ആദംഖാന്റെ സാന്നിധ്യത്തില്‍ പഞ്ചായത്തംഗം ദിനില്‍ പാലപ്പറമ്പില്‍ ടിറ്റോയ്ക്ക് പണം കൈമാറി.