മുഖ്യമന്ത്രി മൗനം വെടിയണം: മുസ്ലിം ലീഗ്
1590448
Wednesday, September 10, 2025 1:46 AM IST
തൃശൂർ: പോലീസ് ഗുണ്ടായിസത്തിൽ ജനങ്ങൾ ഭീതിയിലാഴ്ന്നിട്ടും സമാധാനം പറയേണ്ട മുഖ്യമന്ത്രി മൗനം തുടരുന്നതു ദുരൂഹമാണെന്നു മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
ജനങ്ങൾക്കു സുരക്ഷനൽകേണ്ട പോലീസ് സംവിധാനം ക്വട്ടേഷൻ സംഘത്തെക്കാൾ അധഃപതിച്ചിരിക്കുകയാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാകട്ടെ രാഷ്ട്രീയ എതിരാളികളെയും സമരക്കാരെയും നേരിടുന്നതിനു പോലീസിനെ ഗുണ്ടകളാക്കി രംഗത്തിറക്കുന്നു. എഡിജിപി അജിത് കുമാറിനു പിന്നാന്പുറ സംരക്ഷണം ഒരുക്കി വഴിവിട്ട കളികൾ നടത്തുന്ന മുഖ്യമന്ത്രി പോലീസിനെ ദുരുപയോഗം ചെയ്യുന്നതു തുടരുകയാണ്. അതിനാലാണ് മുഖ്യമന്ത്രി മൗനത്തിലായതെന്നും ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാനസെക്രട്ടറിയും ജില്ലയുടെ നിരീക്ഷകനുമായ അബ്ദുറൻ രണ്ടത്താണി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, സെക്രട്ടറി പി.എം. സാദിഖലി, പി.എം. അമീർ, ട്രഷറർ ആർ.വി. അബ്ദുൽ റഹീം തുടങ്ങിയവർ പ്രസംഗിച്ചു.