കുഴിയടയ്ക്കലും കുത്തിപ്പൊളിക്കലും തകൃതി
1590449
Wednesday, September 10, 2025 1:46 AM IST
കൊരട്ടി: മുരിങ്ങൂരിലും ചിറങ്ങരയിലും നടക്കുന്ന അടിപ്പാതകളുടെ നിർമാണം മന്ദഗതിയിൽ. ഒന്നോ രണ്ടോ മണ്ണുമാന്തിയന്ത്രങ്ങളും രണ്ടോ മൂന്നോ തൊഴിലാളികളെയും ഉപയോഗിച്ച് ചില മണ്ണുമാറ്റൽ ഒഴിച്ചാൽ യാതൊരു പുരോഗതിയും നിർമാണത്തിലില്ല. പ്രദേശവാസികളുടെയും ദീർഘദൂരയാത്രികരുടെയും സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു നിർമാണം നടത്തുമ്പോൾ പാലിക്കേണ്ട സാമാന്യമര്യാദപോലും ഹൈവേ അധികൃതരുടെയും നിർമാണക്കമ്പനിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നില്ല.
കഴിഞ്ഞ മാസങ്ങളിൽ മഴയെ പഴിപറിഞ്ഞിരുന്നെങ്കിൽ, കാലാവസ്ഥ അനൂകൂലമായിട്ടുപോലും നിർമാണപ്രവൃത്തികൾ വേഗത്തിലാക്കാൻ യാതൊരു നടപടിയുമില്ല.
ടോൾപിരിവ് വിലക്കിയതോടെ മുരിങ്ങൂരിലും ചിറങ്ങരയിലും കുണ്ടും കുഴിയും നിറഞ്ഞ സർവീസ് റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ രണ്ടുദിവസംകൊണ്ട് ടാർ ചെയ്തെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ വ്യാപകമായി കുഴികൾ രൂപപ്പെട്ടതിനും ജനം സാക്ഷിയായി. സർവീസ് റോഡിൽ അടിഞ്ഞുകിടന്ന പൊടിപടലങ്ങൾ നീക്കംചെയ്യാതെയായിരുന്നു ടാറിംഗ്.
ഇന്നലെയും ചിറങ്ങരയിലും പെരുമ്പിയിലും കുഴിയടയ്ക്കൽ തകൃതിയായി നടന്നു. ചാക്കുകളിൽ കൊണ്ടുവന്ന ടാറിംഗ് മിശ്രിതം കുഴികളിലിട്ട് ഇടിയൻ ഉപയോഗിച്ചുനിരത്തുകയായിരുന്നു. ദേശീയപാതയിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചാൽ പോലീസും ഹോം ഗാർഡുകളും വഴിതിരിച്ചുവിടാൻ പുലർത്തുന്ന അതീവജാഗ്രത ഗതാഗതക്കുരുക്കിനു ചെറിയ അയവു വരുത്തുന്നുണ്ട് എന്നതുമാത്രമാണ് ആശ്വാസം. എന്നാൽ തിരിച്ചുവിടുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രികർ കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമീണറോഡുകളിലൂടെ കിലോമീറ്ററുകളോളം താണ്ടിവേണം ലക്ഷ്യസ്ഥാനത്തെത്താൻ.
ചിറങ്ങരയിൽ അടിപ്പാതയിലേക്കുള്ള അപ്രോച്ച് റോഡിന്റെ പ്രാരംഭഭാഗത്തു (എറണാകുളം ദിശയിൽ) കോൺക്രീറ്റ് ചെയ്ത പാർശ്വഭിത്തി കഴിഞ്ഞയാഴ്ച പൊളിച്ചുനീക്കിയിരുന്നു.
അളവുകളിൽ സംഭവിച്ച പാകപ്പിഴയാണ് ഭിത്തി പൊളിച്ചുനീക്കാൻ കാരണമെന്നായിരുന്നു കരാർതൊഴിലാളികളുടെ വിശദീകരണം. പൊളിച്ചുമാറ്റിയതിനുശേഷം കഴിഞ്ഞദിവസം വീണ്ടും നിർമിച്ചെങ്കിലും ഇന്നലെ അവ വീണ്ടും പൊളിച്ചുനീക്കി. അപകാതയെതുടർന്നാണ് വീണ്ടും പൊളിച്ചതത്രേ.
കാനകളുടെ കാര്യത്തിലും നിർമിക്കുക, പൊളിക്കുക, വീണ്ടും നിർമിക്കുക, പൊളിക്കുക എന്നതാണ് നടന്നുകൊണ്ടിരുന്നത്. അടിപ്പാതനിർമാണം എന്നു പൂർത്തിയാകുമെന്ന കാര്യത്തിൽ പ്രദേശവാസികൾ ഏറെ ആശങ്കയിലാണ്.