വിവാഹസമ്മാനമായി സ്വർണമാല ഊരിനൽകി ജോസഫ് ടാജറ്റ്
1590682
Thursday, September 11, 2025 1:29 AM IST
കുന്നംകുളം: പോലീസ് മർദനത്തിനിരയായ യൂത്ത് കോണ്ഗ്രസ് നേതാവ് വി.എസ്. സുജിത്തിനു വിവാഹസമ്മാനമായി രണ്ടുപവന്റെ സ്വർണമാല ഊരിനൽകി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. 15നാണ് സുജിത്തിന്റെ വിവാഹം.
പ്രസംഗത്തിനിടെ കോണ്ഗ്രസ് വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഇക്കാര്യം സൂചിപ്പിച്ചതിനു പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സാന്നിധ്യത്തിൽ മാല സമ്മാനിച്ചത്.
വൻ കൈയടിയോടെയാണ് വേദിയിലും സദസിലുമുള്ളവർ ഇക്കാര്യം സ്വീകരിച്ചത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സുജിത്തിനു സ്വർണമോതിരം സമ്മാനിച്ചിരുന്നു.
നിയമപോരാട്ടത്തിൽ സുജിത്തിനൊപ്പംനിന്ന വർഗീസ് ചൊവ്വന്നൂരിനു ഡിസിസി എക്സിക്യൂട്ടീവ് സ്ഥാനംകൂടി നൽകുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തിൽ അറിയിച്ചു.