ഠാണ - ചന്തക്കുന്ന് റോഡ് വികസനം ; നാലുവരിയാക്കാൻ അനുമതി
1591179
Saturday, September 13, 2025 1:28 AM IST
ഇരിങ്ങാലക്കുട: ഠാണ - ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട - കല്ലേറ്റുംകര റോഡില്‍ ജനറല്‍ ആശുപത്രിവരെയും ചന്തക്കുന്ന് ജംഗ്ഷന് മുതല്‍ പടിഞ്ഞാറ് മൂന്നുപീടിക ഭാഗത്തേക്കുള്ള ഭാഗവും പൊതുമരാമത്തുവകുപ്പ് ടാറിടും.
ഠാണാ - ആശുപത്രി വരെയുള്ള ഭാഗത്ത് ഇരുവശത്തും കാനനിര്‍മാണവും ആശുപത്രിഭാഗം മെറ്റല്വിരിക്കലും പൂര്‍ത്തിയായി. എതിര്‍വശത്ത് കാന പണിതഭാഗത്ത് മണ്ണിട്ടശേഷം മെറ്റല്വിരിച്ചു. ടാറിടലിനു മുന്‍പ് വൈദ്യുതിലൈനുകള്‍ മാറ്റിസ്ഥാപിക്കുന്ന നടപടികള്‍ നടക്കുകയാണ്. ചന്തക്കുന്ന് - മൂന്നുപീടിക റോഡിലെ കാനനിര്മാണത്തിനുശേഷം ടാറിടുമെന്ന് പിഡബ്ല്യുഡി അറിയിച്ചു.
അതേസമയം പ്രധാനപ്പെട്ട തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ നിര്‍മാണം കെഎസ്ടിപിയുടെ നേതൃത്വത്തിലാണ്. ഠാണ ജംഗ്ഷന് മുതല്‍ പൂതംകുളം വരെ കെഎസ്ടിപി കാന നിര്‍മിക്കും. അതിനുശേഷം മാത്രമേ സംസ്ഥാനപാതയില്‍ പൂതംകുളം മുതല്‍ ചന്തക്കുന്ന്, സെന്റ് ജോസഫ്സ് കോളജ് ഇറക്കംവരെയുള്ള ഭാഗത്ത് വൈദ്യുതിക്കാലുകള് നീക്കാനാകൂവെന്ന് കെഎസ്ടിപി അറിയിച്ചു. അതിനുള്ള വൈദ്യുതിക്കാലുകള് എത്തി.
കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാനപാത രണ്ടുവരിയിലാണ് കോണ്ക്രീറ്റിടുന്നത്. ഇതില്‍ പൂതംകുളം തൊട്ട് ചന്തക്കുന്ന്, സെന്റ് ജോസഫ്സ് കോളജ് ഇറക്കംവരെ 17 മീറ്റര്‍ വീതിയില്‍ നാലുവരിയായിട്ടാണ് നിര്‍മാണം. ഇതിന് 11 കോടി രൂപ ചെലവുവരും. ഇതുമായി ബന്ധപ്പെട്ട് കെഎസ്ടിപി സര്‍ക്കാരിന് സമര്‍പ്പിച്ച പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് അനുമതിയായി.