ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്ക് മൂന്നുകോടി രൂപയുടെ ഭരണാനുമതി
1591172
Saturday, September 13, 2025 1:28 AM IST
പാലപ്പിള്ളി: ചിമ്മിനി ഇക്കോടൂറിസം പദ്ധതിക്ക് മൂന്നു കോടിരൂപയുടെ ഭരണാനുമതിയായതായി കെ.കെ. രാമചന്ദ്രന് എംഎല്‍എ അറിയിച്ചു. വനംവകുപ്പ് മുഖേന സമര്‍പ്പിച്ച അഞ്ചു കോടി രൂപയുടെ പദ്ധതിയിലാണ് തുക അനുവദിച്ചത്. ചിമ്മിനിയില്‍ നടന്ന പുതുക്കാട് മണ്ഡലം ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപകൊണ്ട് പണിയുന്ന ടോയ്ലറ്റ് ബ്ലോക്ക് പദ്ധതിയുടെ നിര്‍മാണ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടിവെള്ള പദ്ധതി ഉടനെ ആരംഭിക്കും. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ അനുവദിച്ച 50 ലക്ഷം രൂപയ്ക്ക് സോളാര്‍ ബോട്ട്, ബഗ്ഗി, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവ ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.
നവ കേരളനിര്‍മിതിയുടെ ഭാഗമായി അനുവദിച്ച ഒരുകോടി രൂപയില്‍ ബോട്ട് ലാന്‍ഡിംഗ്, കഫ്തീരിയ തുടങ്ങിയവ പണിയുന്നതിനുള്ള എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുനിയാട്ടുകുന്ന്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുഞ്ഞാലിപ്പാറ എന്നീ ടൂറിസം പദ്ധതികള്‍ക്കായി സ്ഥലം ലഭ്യമാക്കുന്ന നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള കുട്ടവഞ്ചി സവാരി, മൂന്ന് ട്രക്കിംഗ് പാക്കേജുകള്‍ എന്നിവ വിജയകരമായി നടത്തിവരുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഒരുകോടി രൂപ ഉപയോഗപ്പെടുത്തി വ്യൂ പോയിന്റ്, ഗാര്ഡന്, പാര്‍ക്കിംഗ് ഗ്രൗണ്ട്, സെല്‍ഫി പോയിന്റ് നവീകരണം എന്നിവയുടെ അനുമതിക്കായി എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കാനും തീരുമാനിച്ചു.
കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി. അശോകന്, ചിമ്മിനി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് കെ.എം. മുഹമ്മദ് റാഫി, ടൂറിസം പ്രൊജക്റ്റ് എൻജിനീയര്‍ കെ.വി. വിദ്യ, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശാരിക വി. നായര്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ്. പ്രദീപ് കുമാര്‍, എം.എസ്. സുമേഷ്, റോസിലി തോമസ്, അഷറഫ് ചാലിയത്തോടി തുടങ്ങിയവര്‍ സംസാരിച്ചു.