സർക്കാരിന്റെ മദ്യവ്യാപനനയം നാടിനാപത്ത്
1590434
Wednesday, September 10, 2025 1:46 AM IST
തൃശൂർ: സർക്കാരിന്റെ മദ്യവ്യാപനനയംമൂലം കുടുംബങ്ങൾ തകർന്നുകൊണ്ടിരിക്കുന്നുവെന്നും മദ്യത്തെയും മറ്റു ലഹരിവസ്തുക്കളെയും ഇത്രയേറെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ കാലത്തു ലഹരിവിമുക്ത കുടുംബപ്രഖ്യാപനശുശ്രൂഷ നടത്തുന്നതു ഭഗീരഥപ്രയത്നമാണെന്നും തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര പറഞ്ഞു.
മക്കളെ ലഹരിക്കെണിയിൽ വീഴാതെ സംരക്ഷിക്കണമെങ്കിൽ മാതാപിതാക്കൾ തങ്ങളുടെ കുടുംബങ്ങളെ മദ്യവിമുക്തമാക്കി സംരക്ഷിച്ചു നിലനിർത്തുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും പുതുക്കാട് ഫൊറോന മദ്യവിമുക്ത കുടുംബസംഗമം ഫൊറോന പള്ളി ഹാളിൽ ഉദ്ഘാടനംചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഫൊറോന വികാരി ഫാ. പോൾ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു.
മദ്യവിരുദ്ധപ്രവർത്തകൻ ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മദ്യവിരുദ്ധസമിതി ഫൊറോന പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ, അസിസ്റ്റന്റ് വികാരി ഫാ. ഡെറിൻ അരിന്പൂർ, ഏകോപനസമിതി പ്രസിഡന്റ് ആന്റണി വാഴപ്പിള്ളി, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മാർട്ടിൻ പുളിക്കൻ, സി.കെ. ജോസഫ്, ബിജു ചെങ്ങാലൂക്കാരൻ, ബാബു പാണ്ടാരി എന്നിവർ പ്രസംഗിച്ചു.
ഇടവകയിലെ 313 മദ്യവിമുക്ത കുടുംബക്കാർ സംഗമത്തിൽ പങ്കെടുത്തു.