ബാബു എം. പാലിശേരി കുന്നംകുളത്തെ കരുത്തനായ സിപിഎം നേതാവ്
1599773
Wednesday, October 15, 2025 1:14 AM IST
കുന്നംകുളം: കുന്നംകുളത്തു സിപിഎമ്മിന്റെ ശക്തനായ ഒരു നേതാവിനെയാണ് ബാബു എം. പാലിശേരിയുടെ വിയോഗത്തിലൂടെ നഷ്ടമായത്.
ഡിവൈഎഫ്ഐ കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറിയായി സംഘടനാജീവിതം ആരംഭിച്ച്, ബ്ലോക്ക് സെക്രട്ടറിയായി, ജില്ലാ സെക്രട്ടറിയായി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചുവരവെയാണ് സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറിയായി ബാബു ചുമതലയേൽക്കുന്നത്. രണ്ടുതവണ കുന്നംകുളത്ത് ഏരിയ സെക്രട്ടറിയായി മികച്ച പ്രവർത്തനം കാഴ്ചവച്ചു.
ജില്ലാ കമ്മിറ്റി അംഗമായി, ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് കുന്നംകുളത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതും വലിയ ഭൂരിപക്ഷത്തോടെ ജയിക്കുന്നതും. 21,786 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആദ്യതവണ വിജയിച്ചത്. 2011 ൽ വീണ്ടും കുന്നംകുളത്തിന്റെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.
കേരള ഗ്രന്ഥശാലാസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ഗ്രന്ഥശാലാസംഘം തൃശൂർ ജില്ലാ പ്രസിഡന്റ്, കേരള കലാമണ്ഡലം നിർവാഹകസമിതി അംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് ശ്രദ്ധേയനായ നേതാവായിരുന്നു ബാബു എം. പാലിശേരി.