ബാബു എം. പാലിശേരിക്ക് നാട് യാത്രാമൊഴിയേകി
1599968
Wednesday, October 15, 2025 11:07 PM IST
കുന്നംകുളം: മുൻ എംഎൽഎ ബാബു എം. പാലിശേരിക്കു നാടിന്റെ യാത്രാമൊഴി. തങ്ങളുടെ നേതാവിനെ അവസാനമായി കാണാനും അന്ത്യോപചാരം അർപ്പിക്കാനും നിരവധിപേരാണ് ഇന്നലെ രാവിലെമുതൽ കൊരട്ടിക്കരയിലെ വീട്ടിലേക്കെത്തിയത്.
ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു സംസ്കാരച്ചടങ്ങുകൾ. രണ്ടുമണിക്കുതന്നെ യൂണിഫോം ധരിച്ച പാർട്ടി വോളന്റിയർമാർ മൃതദേഹം വീടിന്റെ പിൻവശത്ത് ഒരുക്കിയ ചിതയിലേക്കെടുത്തു. സഹോദരൻ എം. ബാലാജി ഉൾപ്പെടെ വോളന്റിയർമാർ ചേർന്നു മൃതദേഹം ചിതയിലേക്കു വച്ചു. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.
കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ശേഷം പാർട്ടിനേതാക്കളായ എ.സി. മൊയ്തീൻ എംഎൽഎ, ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, മുൻ സെക്രട്ടറി എം.എം. വർഗീസ്, എം.കെ. കണ്ണൻ, പി.കെ. ബിജു തുടങ്ങിയവർ മുദ്രാവാക്യംവിളിയോടെ ഉപചാരമർപ്പിച്ചു. ബാബു എം. പാലിശേരിയുടെ മക്കളായ അശ്വതിയും അഖിലും ചേർന്നു ചിതയ്ക്കു തീകൊളുത്തി.