വയലിൻ ഫ്യൂഷനിൽ "ഗംഗാതരംഗം'
1600046
Thursday, October 16, 2025 1:17 AM IST
കൊടുങ്ങല്ലൂർ: സോപാനം സംഗീതസഭയുടെ ആഭിമുഖ്യത്തിൽ വയലിൻ പ്രതിഭ ഗംഗ ശശിധരന്റെ വയലിൻ ഫ്യൂഷൻ "ഗംഗാതരംഗം' കൊടുങ്ങല്ലൂർ ദർബാർ ഹാളിൽ അരങ്ങേറി.
ശാസ്ത്രീയസംഗീതവും വിവിധ ഭാഷകളിലെ സിനിമാഗാനങ്ങളും ഭക്തിഗാനശകലങ്ങളും കോർത്തിണക്കിയ ഫ്യൂഷൻ ഹൃദ്യാനുഭവമായി. ശ്രീശങ്കരാചാര്യവിരചിതമായ "അയിഗിരിനന്ദിനി' എന്ന ദേവീസ്തുതിയിൽ തുടങ്ങി "മഹാഗണപതിം', "നഗുമോമുഗനലേനി', "എന്തൊരു മഹാനുഭാവലു' തുടങ്ങിയ പ്രശസ്ത കീർത്തനങ്ങളും മലയാളം, തമിഴ് സിനിമാഗാനങ്ങളും കോർത്തിണക്കിയ സംഗീത വിരുന്ന് വേറിട്ട അനുഭവമായി. ബാബുരാജ്, ഇളയരാജ, ദക്ഷിണാമൂർത്തി, ജയവിജയ തുടങ്ങി നിരവധി മഹാപ്രതിഭകളുടെ ഗാനങ്ങൾ ഗംഗയുടെ മാന്ത്രിക വിരലുകളിലൂടെ തേന്മഴയായി പെയ്തിറങ്ങി.
"ഹരിവരാസനം' മീട്ടി ഗംഗാതരംഗം അവസാനിക്കെ നിറഞ്ഞ സദസ് എഴുന്നേറ്റു നിന്ന് നീണ്ട കരഘോഷം മുഴക്കി. വയലിൻ ഫ്യൂഷന്‍ തൃപ്പൂണിത്തുറ ശ്രീകാന്ത് (മൃദംഗം), തൃപ്പൂണിത്തുറ ശ്രീകുമാർ (തവിൽ ), മാഞ്ഞൂർ ഉണ്ണികൃഷ്ണൻ (ഘടം), ചേർത്തല സുനിൽകുമാർ (കീബോർഡ്), വൈക്കം വിജയകുമാർ (റിഥം പാഡ് ) എന്നിവർ അകമ്പടിചേർന്നു.
സോപാനം രക്ഷാധികാരികളായ വി.ഐ. അഷറഫ്, ഡോ. കെ. കേശവൻനമ്പൂതിരി എന്നിവർ കലാകാരന്മാരെ സ്വാഗതം ചെയ്തു. സോപാനം ഉണ്ണികൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് വി. വിനിതകുമാരി ഗംഗയെ പൊന്നാട ചാർത്തി ആദരിച്ചു.