ഒല്ലൂരിൽ റപ്പായേൽ മാലാഖയുടെ തിരുനാളിനു കൊടിയേറി
1600035
Thursday, October 16, 2025 1:17 AM IST
ഒല്ലൂർ: "ചിന്നറോമ'യിൽ നവനാൾദിനങ്ങളായി. സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ പ്രസിദ്ധമായ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനു കൊടിയേറി.
ഇന്നലെ വൈകീട്ട് അഞ്ചിനു നടന്ന ദിവ്യബലിക്കും ലദീഞ്ഞിനുംശേഷം വികാരി ഫാ. വർഗീസ് കൂത്തൂർ കൊടിയേറ്റം നിർവഹിച്ചു. അസി. വികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നപ്പിള്ളിൽ, കൈക്കാരൻമാരായ ഷോണി ജോർജ് അക്കര, ഷാജു പടിക്കല, ജോഫി ജോസ് ചിറമ്മൽ, ജെയ്സൻ പോൾ പ്ലാക്കൽ, കൺവീനർമാരായ പോൾ കുണ്ടുകുളം, എം.ഡി. ആന്റണി, റാഫി ചെമ്മണം, സെബി വല്ലച്ചിറക്കാരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
22, 23, 24 തീയതികളിലാണ് തിരുനാൾ. 22നു വൈകീട്ട് നാലിന് ദിവ്യബലി, മാലാഖയുടെ ദാസി-ദാസൻ സമർപ്പണം, വളസമർപ്പണം. ഫാ. ആന്റണി ചിറ്റിലപ്പിള്ളി കാർമികത്വം വഹിക്കും. രാത്രി ഏഴിനു ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ നിര്‍വഹിക്കും.
23 നു രാവിലെ ആറിനും 7.30 നും 10.30 നും ദിവ്യബലി. വൈകീട്ട് നാലിനു പൊന്തിഫിക്കല്‍ ദിവ്യബലിക്കും കൂടുതുറക്കൽശുശ്രൂഷയ്ക്കും സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാർ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടർന്ന് നേര്‍ച്ചഭക്ഷണ ആശീര്‍വാദം. വിവിധ മേഖലകളില്‍നിന്നുള്ള വളയെഴുന്നള്ളിപ്പ് രാത്രി 11 നു പള്ളിയില്‍ സമാപിക്കും.
പ്രധാന തിരുനാള്‍ദിനമായ 24നു രാവിലെ ആറുമുതൽ തുടർച്ചയായ ദിവ്യബലി. 10ന് ആഘോഷമായ തിരുനാള്ദിവ്യബലിക്കു വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്സണ് അന്തിക്കാട്ട് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ദിവ്യബലിക്ക് ഒല്ലൂര്‍ ഇടവകയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നാണ് തിരുനാള്‍പ്രദക്ഷിണം.