വോളിബോള്‍ കോര്‍ട്ട് കേന്ദ്രമന്ത്രി നാടിനു സമര്‍പ്പിച്ചു
1599786
Wednesday, October 15, 2025 1:14 AM IST
ഇരിങ്ങാലക്കുട: ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും ബഹിഷ്കരണത്തിനിടയില്‍ വോളിബോള്‍ കോര്‍ട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നാടിനു സമര്‍പ്പിച്ചു.
പടിയൂര്‍ പഞ്ചായത്ത് എഴാം വാര്‍ഡില്‍ 2022- 23 വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മനപ്പറമ്പ് ഉന്നതിയില്‍ 20 സെന്റ് സ്ഥലത്ത് നിര്‍മിച്ച വോളിബോള്‍ കോര്‍ട്ടാണ് മന്ത്രി നാടിനുസമര്‍പ്പിച്ചത്. വാര്‍ഡ് മെമ്പര്‍ പ്രഭാത് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനച്ചടങ്ങ് ബിജെപിക്കാരനായ വാര്‍ഡ് മെമ്പര്‍ എകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നും ഭരണസമിതി അറിഞ്ഞിട്ടില്ലെന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഭരണപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഭരണസമിതിയിലെ എല്‍ഡിഎഫ്, കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുത്തില്ല.
ഭരണസമിതിയിലെ ബിജെപി പ്രതിനിധികളായ ബിജോയ് കളരിക്കല്‍, നിഷ പ്രണീഷ്, ശ്രീജിത്ത് മണ്ണായില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അങ്കണവാടി അധ്യാപിക ആശ സ്വാഗതവും കുടുംബശ്രീ എഡിഎസ് അംഗം വിമി പ്രദീപ് നന്ദിയും പറഞ്ഞു.