പ്രതിപക്ഷ ആരോപണം വസ്തുതാവിരുദ്ധം: ചാലക്കുടി നഗരസഭ ചെയർപേഴ്സൺ
1600041
Thursday, October 16, 2025 1:17 AM IST
ചാലക്കുടി: പാലിയേറ്റീവ് പ്രവർത്തനത്തിനു വാഹനം വാങ്ങുന്നതുസംബന്ധിച്ച് പ്രതിപക്ഷം വസ്തുതകൾ മനസിലാക്കാതെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് നഗരസഭ ചെയർപേഴ്സൺ ഷിബുവാലപ്പൻ. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള വാഹനം, കാലപ്പഴക്കം വന്നതിനെ തുടർന്ന് പുതിയ വാഹനം വാങ്ങുന്നതിനുള്ള നടപടികൾ എല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.
നഗരസഭ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി ഇവരുടെ ഭർത്താവിന്റെ സ്മരണാർഥം നഗരസഭയ്ക്ക് നൽകിയിട്ടുള്ള തുക ഉപയോഗിച്ചാണ് പുതിയ വാഹനം വാങ്ങുന്നതിന് നടപടി സ്വീകരിച്ചത്.
നഗരസഭയ്ക്ക് വൈസ് ചെയർപേഴ്സൺ ഇതിനാവശ്യമായ പണം കൈമാറിയത് ജൂലൈ എട്ടിനാണ്. തൊട്ടടുത്ത ദിവസങ്ങളിൽതന്നെ സർക്കാർ സംവിധാനമായ ജെം വഴി വാഹനം ബുക്ക് ചെയ്തിട്ടുണ്ട്.
ഇതുസംബന്ധിച്ച് മാരുതി കമ്പനിയിൽനിന്നും നഗരസഭയ്ക്ക് ഇൻവോയ്സ് ലഭിച്ചിരിക്കുന്നത് സെപ്റ്റംബർ 29 നാണ്. ഇതുപ്രകാരം 4.87 ലക്ഷം രൂപ ഒക്ടോബർ മൂന്നിന് നഗരസഭ കമ്പനിക്ക് അടച്ചിട്ടുള്ളതാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ വൈകാതെത്തന്നെ വാഹനം ലഭ്യമാക്കുമെന്ന് കമ്പനി നഗരസഭയെ അറിയിച്ചിട്ടുണ്ട്.
നിലവിൽ പാലിയേറ്റീവ് പ്രവർത്തനത്തിനു തടസമില്ലാതെ മറ്റു വാഹനത്തിൽത്തന്നെ ഫീൽഡ് തല പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.