ഇസാഫ് സ്വാശ്രയ കോ-ഓപ്പറേറ്റീവ് വാർഷിക പൊതുയോഗം നടത്തി
1600038
Thursday, October 16, 2025 1:17 AM IST
തൃശൂർ: ഇസാഫ് സ്വാശ്രയ മൾട്ടിസ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനാലാം വാർഷികപൊതുയോഗം സംഘടിപ്പിച്ചു. ചെയർപേഴ്സണ് സെലീന ജോർജ് അധ്യക്ഷത വഹിച്ചു.
2024-2025 വാർഷിക റിപ്പോർട്ട് ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ് പ്രകാശനം ചെയ്തു. ഇസാഫ് കോഓപ്പറേറ്റീവ് സിഇഒ ക്രിസ്തുദാസ് കരയിൽ വിക്ടർ വാർഷികകണക്ക് അവതരിപ്പിച്ചു. "സ്നേഹവീട്' പദ്ധതിയുടെ ഗുണഭോക്താക്കൾക്കു താക്കോൽ കൈമാറി.
സംസ്ഥാനസർക്കാരിന്റെ ഹരിതകേരളം മിഷൻ പച്ചത്തുരുത്ത് പദ്ധതിയിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിജയികളായ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം നേടിയ കൊരട്ടി ഗ്രാമപഞ്ചായത്തിനുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവും പഞ്ചായത്തംഗങ്ങളും ആദരം ഏറ്റുവാങ്ങി.
ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടിയ വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിതയും അംഗങ്ങളും ആദരം ഏറ്റുവാങ്ങി. രണ്ടാംസ്ഥാനം നേടിയ എളവള്ളി ഗ്രാമപഞ്ചായത്തിനായി പ്രസിഡന്റ് ജിയോ ഫോക്സും പഞ്ചായത്ത് അംഗങ്ങളും ആദരം സ്വീകരിച്ചു. മൂന്നാംസ്ഥാനം നേടിയ മൂരിയാട്, മാടക്കത്തറ ഗ്രാമപഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ഇന്ദിരമോഹൻ എന്നിവരും ആദരം ഏറ്റുവാങ്ങി.
ഇസാഫ് കോഓപ്പറേറ്റീവ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബീന ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ജി. നന്പൂതിരി എന്നിവർ പ്രസംഗിച്ചു.