തെരുവുവിളക്കുകൾ കത്തുന്നില്ല; വാർഡ് മെമ്പർ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു
1599778
Wednesday, October 15, 2025 1:14 AM IST
വിലങ്ങന്നൂർ: വാർഡിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പാണഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്ക് കഴിയുന്നില്ലെന്ന് ആരോപിച്ച് വാർഡ് മെമ്പർ ഷൈജു കുരിയൻ വൈദ്യുതി പോസ്റ്റിന് മുന്നിൽ ചൂട്ടുത്തിച്ച് പ്രതിഷേധിച്ചു.
തെരുവു വിളക്കുകളുടെ പരിപാലനത്തിനായി പഞ്ചായത്ത് തുക വകയിരിത്തിയിട്ടുണ്ടെങ്കിലും കരാറുകാരന് തുക നൽകുന്നതിന് കാലതാമസം വരുത്തുന്നതാണ് അറ്റകുറ്റപ്പണികൾ വൈകാൻ കാരണം. മാത്രമല്ല അറ്റകുറ്റപ്പണികൾ ആരംഭിച്ചപ്പോൾ രാഷ്ട്രീയ താല്പര്യം മുൻനിർത്തി വാർഡുകളെ തരംതിരിച്ചതായും പ്രതിപക്ഷാംഗങ്ങളുടെ വാർഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ പഞ്ചായത്ത് തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണിത്. വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ നിരവധി ആളുകൾ കടന്നുപോകുന്ന റോഡുകളിൽ തെരുവുവിളക്കുകൾ കത്താത്തത് അവരുടെ ജീവന് ഭീഷണിയാണെന്നും വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു.