ചട്ടം പാലിക്കാതെ പഞ്ചായത്ത് കമ്മിറ്റി: യുഡിഎഫ് പ്രതിഷേധിച്ചു
1600027
Thursday, October 16, 2025 1:17 AM IST
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിപക്ഷ അംഗങ്ങളെ അറിയിക്കാതെ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ച് അജൻഡ നോട്ടീസ് കത്തിച്ചു.
കമ്മിറ്റി വിളിക്കുന്നതിന് മൂന്നുമുതൽ ഏഴുവരെ അവധിയില്ലാത്ത ദിവസങ്ങളുടെ മുൻകൂർ നോട്ടീസ് പഞ്ചായത്ത് പ്രസിഡന്റ് നൽകണമെന്നിരിക്കെ തലേദിവസം രാത്രി വാട്സ്ആപ്പ് സന്ദേശംവഴി അറിയിച്ച് കമ്മിറ്റി നടത്തുകയായിരുന്നു എന്ന് മെമ്പർമാർ ആരോപിച്ചു. ചട്ടവിരുദ്ധമായി മീറ്റിംഗ് വിളിച്ചതു പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തപ്പോൾ വിശദീകരണം നൽകാതെ ഏകാധിപത്യപരമായി പ്രസിഡന്റ് പെരുമാറിയെന്നും ചട്ടം ചൂണ്ടിക്കാണിച്ച് വിയോജനക്കുറിപ്പ് രേഖാമൂലം എഴുതിക്കൊടുത്ത് പ്രതിപക്ഷ അംഗങ്ങൾ സഭ വിടുകയായിരുന്നുവെന്നും യുഡിഎഫ് മെമ്പർമാർ പറഞ്ഞു.
തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ അജൻഡ നോട്ടീസ് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിപക്ഷനേതാവ് ബാബു തോമസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചൻ, ഷൈജു കുരിയൻ, സി.എസ്. ശ്രീജു, സുശീല രാജൻ എന്നിവരാണ് പ്രതിഷേധിച്ചത്.