ഉമ്മന്‍ ചാണ്ടി, മലയാളികളുടെ ഹൃദയത്തില്‍ കൊത്തിവച്ച പേര്: വി.ഡി. സതീശന്
1599777
Wednesday, October 15, 2025 1:14 AM IST
ചാവക്കാട്: എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ കൊത്തിവച്ച, കാലത്തിനു മായ്ച്ചുകളയാന്‍ കഴിയാത്ത പേരാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളും ബ്ലോക്ക് ക്ഷീരവികസന കാര്യാലയവും ഉള്‍പ്പെടുന്ന ഉമ്മന്‍ ചാണ്ടി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭിക്കുന്നതില്‍ നിലവില്‍ ഒട്ടേറെ പ്രതിസന്ധികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 63. 33 ലക്ഷം രൂപ ചെലവിലാണ് മന്ദിരം നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, ജില്ലാപഞ്ചായത്ത് അംഗം വി.എം. മുഹമ്മദ് ഗസാലി, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, മിസ്രിയ മുസ്താഖ് അലി, കെ. ആഷിദ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്നാല്‍ ഉമ്മന്‍ ചാണ്ടി സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് എല്‍ഡിഎഫ് ബഹിഷ്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും സ്ഥിരംസമിതി അധ്യക്ഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയ പരിപാടിയാണിതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.