പ്രതിഷേധം ഇരമ്പുന്നു; മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനിൽ മേലൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ കുത്തിയിരിപ്പു സമരം
1535270
Saturday, March 22, 2025 1:00 AM IST
മുരിങ്ങൂർ: ദേശീയപാത മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനിൽ പുരോഗമിക്കുന്ന അടിപ്പാത നിർമാണത്തിൽ നാഷണൽ ഹൈവേ അഥോറിറ്റിയും നിർമാണ കമ്പനിയും പുലർത്തുന്ന ധിക്കാരപരമായ നിലപാടിനെതിരെ പ്രധാന പാതയിൽ കുത്തിയിരുന്ന് മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിതയുടെ പ്രതിഷേധം.
ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രധാനപാത കുത്തിപൊളിക്കാൻ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി പ്രധാനപാത പൊളിച്ചുമാറ്റുന്നതിനു മുമ്പ് ഇരുഭാഗങ്ങളിലും സർവീസ് റോഡുകൾ നിർമിക്കണമെന്നും സ്പാനിന്റെ ഉയരം അഞ്ചര മീറ്റർ ആക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സർവിസ് റോഡ് പൂർണമായി നിർമിച്ച് ഗതാഗതം വഴി തിരിച്ചുവിട്ടതിനു ശേഷം മാത്രമേ പ്രധാനപാത പൊളിക്കൂവെന്ന ഉറപ്പ് കാറ്റിൽ പറത്തി കഴിഞ്ഞ ദിവസം വെളുപ്പിന് നാലരയോടെ ചാലക്കുടി ഭാഗത്തേക്കുള്ള പ്രധാനപാത നിർമാണ കമ്പനി കുത്തി പൊളിച്ചത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് അങ്കമാലി ഭാഗത്തേക്കുള്ള പ്രധാനപാതയും കുത്തിപൊളിക്കാൻ ആരംഭിച്ചതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണമായത്.
മറ്റിടങ്ങളിലെല്ലാം ഒരു ദിശയിലേക്കുള്ള പാത കുത്തി പ്പൊളിച്ച് നിർമാണം കഴിഞ്ഞതിനു ശേഷം മാത്രമേ അടുത്ത ഭാഗം കുത്തിപ്പൊളിക്കുന്നത്. എന്നാൽ ഒരേ സമയം രണ്ടു പ്രധാന പാതകളും കുത്തി പൊളിക്കുന്നത് ഗതാഗത സ്തംഭനത്തിനും പ്രദേശവാസികൾക്കും ദുരിതമായി മാറുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
ഇന്നലെ ഉച്ചമുതൽ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സംഭവമറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെയും കൊരട്ടി സിഐ അമൃത് രംഗന്റെയും നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ പ്രതിഷേധം തുടരുകയാണ്. ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും സർക്കാർ സംവിധാനങ്ങളുടെയും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നടപ്പിലാൻ മാത്രമേ തങ്ങൾക്ക് കഴിയുവെന്ന നിലപാടാണ് പോലീസ് എടുത്തിരിക്കുന്നത്. എന്നാൽ ജനകീയ വിഷയങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കുമെന്ന നിലപാടിൽ ഉറച്ചു തന്നെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത. വൈസ് പ്രസിഡന്റ് പോളി പുളിക്കൻ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും പിന്തുണയുമായി രംഗത്തുണ്ട്.
രാത്രി വൈകിയും കുത്തിയിരുപ്പ് സമരം തുടുകയാണ്.