വ്യക്തതയില്ലാതെ അടിപ്പാതനിർമാണം; ആശങ്കയോടെ ചിറങ്ങര നിവാസികൾ
1484394
Wednesday, December 4, 2024 6:45 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തികളിൽ ഏറെ ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്.
ചിറങ്ങരയിൽ നിർമിക്കുന്ന അടിപ്പാതയുടെ വീതിയും ഉയരവും നാടിന്റെ ആവശ്യവും ഭാവിയും കണ്ടറിഞ്ഞ് ക്രമപ്പെടുത്തേണ്ടതിനു പകരം യാതൊരു ദീർഘവീക്ഷണവുമില്ലാതെയാണ് നിർമിക്കുന്നത്.
അടിപ്പാതയുടെ വീതി 12 മീറ്ററാണ്. ബെൽ മൗത്ത് ഇല്ല. ഇതും പ്രതിസന്ധിയായി മാറും. ഉയരം നാലര മീറ്ററാണെന്നും പറയുന്നു. എന്നാൽ ഉയരം അഞ്ചര മീറ്ററെങ്കിലും ആക്കിയില്ലെങ്കിൽ കണ്ടെയ്നർ ലോറികൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇതിലൂടെ കടന്നുപോകുക ദുഷ്കരമായി മാറും.
തിരുമുടിക്കുന്ന് ത്വക് രോഗാശുപത്രിയിൽ വികസനം കാത്തുകിടക്കുന്ന അവശേഷിക്കുന്ന ഏക്കറുകണക്കിന് ഭൂമിയും ഫലപ്രദമായി ഉപയോഗിക്കാനാകില്ല.
ശനിയാഴ്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കുന്ന ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ കവാടവും അടിപ്പാതയും സന്ധിക്കുന്നത് സംബന്ധിച്ച് ഇപ്പാേഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പരിഹാരത്തിനായി റെയിൽവേ മേൽപ്പാലവും അടിപ്പാതയും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് തെക്കു - വടക്ക് അല്പം ചെരിവോടെയാണ് അടിപ്പാത നിർമിക്കുന്നത്. എന്നാൽ അടിപ്പാതയുടെ വീതിക്കുറവും ബെൽ മൗത്തിന്റെ അഭാവവും മൂലം റെയിൽവേ മേൽപ്പാലം ഇറങ്ങിവരുന്ന വലിയ വാഹനങ്ങളും സിയോൺ സെമിനാരി ഭാഗത്തുനിന്നു വരുന്ന വാഹനങങളും അടിപ്പാതയിലൂടെ അങ്കമാലി ഭാഗത്തേക്ക് പ്രവേശിക്കുക ദുഷ്കരമാകും. റെയിൽവേ മേൽപാലത്തിന്റെ കവാടം തെക്ക് ഭാഗത്തിന് അഭിമുഖമായതിനാൽ പാലം ഇറങ്ങി വരുന്ന വലിയ കണ്ടെയ്നർ ലോറികൾ ചാലക്കുടി ഭാഗത്തേക്ക് തിരിഞ്ഞു പോകുന്നതും പ്രയാസകരമാകും.
നാടിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയാതെ നടത്തുന്ന ദീർഘവീക്ഷണമില്ലാതെയുള്ള ഇത്തരം നിർമാണ പ്രവൃത്തികൾ പ്രതിസന്ധികളാണ് സൃഷ്ടിക്കുക. കൂടാതെ പൊങ്ങം മുതൽ മുരിങ്ങൂർ വരെ സർവീസ് റോഡുകൾ നിർമിക്കണം.
കേരളത്തിന്റെ കാലാവസ്ഥകൾ മനസിലാക്കാതെ വടക്കെ ഇന്ത്യയിലെ രീതികൾ അവലംബിച്ചാണ് ഇവിടെ കാനകൾ നിർമിക്കുന്നതെന്നാണ് മറ്റൊരു ആക്ഷേപം. കാനയ്ക്ക് മുകളിലിട്ടിരിക്കുന്ന സ്ലാബുകളിൽ ചെറിയ സുഷിരങ്ങൾ മാത്രമാണുള്ളത്. ഇതിലൂടെ വെള്ളം കാനയിലെത്തില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്. ഇനി കാനയിലെത്തിയാൽ തന്നെ മഴവെള്ളം എവിടേയ്ക്കാണ് ഒഴുക്കിവിടുന്നതെന്ന യാതൊരു ധാരണയും അധികൃതർക്കില്ല.
നാടിന്റെ സർവതോമുഖമായ പുരോഗതിയെ മുന്നിൽ കണ്ട്, പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് ദേശീയപാത വികസനം കാര്യക്ഷമമായി നടപ്പിലാക്കാൻ ഹൈവേ അഥോറിറ്റിയും നിർമാണ കമ്പനിയും തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രാദേശികമായി ഉയരുന്ന അഭിപ്രായങ്ങളും ആശങ്കകളും തിരിച്ചറിഞ്ഞ് നിർമാണ പ്രവൃത്തികൾ കുറ്റമറ്റതാക്കാനുള്ള ഇച്ഛാശക്തി ജനപ്രതിനിധികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.