സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങി ചിറ്റിലപ്പിള്ളി ഐഇഎസ് സ്കൂൾ വിദ്യാർഥികൾ
1461249
Tuesday, October 15, 2024 6:28 AM IST
തൃശൂർ: കാലാവസ്ഥ വ്യതിയാനങ്ങൾ പ്രവചിക്കാവുന്ന സാറ്റലൈറ്റ് നിർമിച്ചു മാതൃകാ വിക്ഷേപണം നടത്താനൊരുങ്ങി ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ.
ഐഎസ്ആർഒയുടെ നേതൃത്വത്തിലുള്ള ബഹിരാകാശ പഠനപദ്ധതി വിവൃധിയുടെ ഭാഗമായി ഇന്നും നാളെയും രാവിലെ ഒന്പതു മുതൽ സ്കൂളിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ശില്പശാലയുടെ ഭാഗമായാണു സാറ്റലൈറ്റ് വിക്ഷേപണം നടത്തുക. 75 വിദ്യാർഥികൾ പങ്കെടുക്കും. കേരളത്തിൽ ആദ്യമായാണു ശില്പശാല സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ അന്തരീക്ഷ പഠനം, സ്പേസ് എൻജിനീയറിംഗ് തുടങ്ങിയവയിൽ താത്പര്യം ഉണർത്തുകയാണു ലക്ഷ്യം.
ഐഎസ്ആർഒയുടെ വിവിധ ദൗത്യങ്ങൾക്കു നേതൃത്വം നല്കിയ ശാസ്ത്രജ്ഞൻ സതീഷ് റാവുവിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ. സുബ്രഹ്മണ്യൻ, ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ ഡോ. ഗോവിന്ദൻകുട്ടി എന്നിവരുടെ സഹകരണത്തോടെയാണു ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. റോഷൻ ശർമ വെമോസാറ്റ് ശില്പശാലയ്ക്കു നേതൃത്വം കൊടുക്കും.
പത്രസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. സുജാത ഹരിമോഹൻ, വൈസ് പ്രിൻസിപ്പൽ ബീന എസ്.നായർ, പി.കെ. മുഹമ്മദ്, പി.കെ. അൻവർ, ബിജി വർഗീസ് എന്നിവർ പങ്കെടുത്തു.