തൃക്കൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിറംമാറ്റൽ വിവാദം; എൽഡിഎഫ് ധർണ നടത്തി
1460262
Thursday, October 10, 2024 8:21 AM IST
തൃക്കൂർ: പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ നിറം ചുവപ്പ് മാറ്റി നീലയാക്കാനുള്ള ഭരണസമിതി നീക്കത്തിനെതിരെ എൽഡിഎഫ് പ്രതിഷേധം. പഞ്ചായത്ത് ഓഫീസിനു മുൻപിൽ എൽഡിഎഫ് പ്രവർത്തകർ മാർച്ചും ധർണയും നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.വി. സജു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഓഫീസിന്റെ മുൻവശത്തെ എസിപി പാനല്‍ നവീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഭരണസമിതി അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു. തൃക്കൂര് പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 22 ലക്ഷം രൂപയോളം വകയിരുത്തി ആധുനിക സംവിധാനത്തോടുകൂടിയാണ് പഞ്ചായത്തിന്റെ നിര്‍മാണം നടത്തിയിട്ടുള്ളതെന്നും ഇതിന്റെ ഭാഗമായാണ് പഞ്ചായത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും എൽഡിഎഫ് പറഞ്ഞു.
പ്രതിപക്ഷനീക്കം രാഷ്ട്രീയപ്രേരിതമാണെന്നും കെട്ടിട നവീകരണം തടഞ്ഞതിലൂടെ വികസനമാണ് ഇടതുപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ആരോപിച്ചു.