മദ്യലഭ്യത കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കണം: മദ്യനിരോധനസമിതി
1458912
Friday, October 4, 2024 7:07 AM IST
തൃശൂർ: മദ്യലഭ്യത കുറയ്ക്കുമെന്നതു തെരഞ്ഞെടുപ്പു പ്രകടനപത്രികകളിൽ എൽഡിഎഫ് ആവർത്തിച്ചുനല്കിയ വാഗ്ദാനമാണെന്നും ജനങ്ങളെ വഞ്ചിക്കാതെ ഇനിയെങ്കിലും അതു പാലിക്കാൻ സർക്കാർ തയാറാകണമെന്നും മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ.
മലപ്പുറം കളക്ടറേറ്റിനുമുന്നിൽ മദ്യനിരോധനസമിതി സംസ്ഥാന കമ്മിറ്റി 415 ദിവസങ്ങളായി തുടരുന്ന സത്യഗ്രഹത്തിന് ഐക്യദാർഢ്യം അറിയിച്ച് ജില്ലാ കമ്മറ്റി തൃശൂരിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫിന്റെ എട്ടുവർഷത്തെ ഭരണത്തിനിടെ സംസ്ഥാനത്തു ബാറുകളുടെ എണ്ണം 32 ഇരട്ടിയായാണു വർധിപ്പിച്ചത്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ 2016-ൽ 29 ബാറുകൾമാത്രം ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 931 ബാറുകളാണുള്ളത്.
312 ബിവറേജസ് ഔട്ട്ലറ്റുകളും നാലായിരത്തോളം കള്ളുഷാപ്പുകളും വിദേശമദ്യം വിളമ്പുന്ന അനവധി ക്ലബ്ബുകളും സംസ്ഥാനത്തുണ്ട്. എന്നിട്ടും ആഴ്ചതോറും പുതിയ ബാറുകൾക്കു രഹസ്യാനുമതി നല്കുകയാണ് എക്സൈസ് വകുപ്പെന്നും സമിതി കുറ്റപ്പെടുത്തി.
മദ്യനിരോധനസമിതി ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. ഹബീബുള്ള പ്രഭാഷണം നടത്തി.
ഈപ്പൻ കരിയാറ്റിൽ, കൗൺസിലർ ലീല വർഗീസ്, ഇസാബിൻ അബ്ദുൾ കരീം, ജോസ് കോച്ചേക്കാടൻ, കെ.കെ. സത്യൻ, മാർട്ടിൻ പേരേക്കാടൻ, ഇക്ബാൽ വലപ്പാട്, ബേബി പുതുശേരി, ജോൺകുട്ടി ചുങ്കത്ത് എന്നിവർ പ്രസംഗിച്ചു.