ചരിത്രസ്മരണകളുണർത്തി മേലൂരിൽനിന്ന് കൊരട്ടി പള്ളിയിലേക്കു പൂവൻകുലകൾ
1458689
Thursday, October 3, 2024 6:40 AM IST
കൊരട്ടി: പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊരട്ടിമുത്തിയുടെ നാമധേയത്തിലുള്ള സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് ചരിത്രസ്മരണകളുണർത്തി മേലൂരിൽനിന്നു പൂവൻകുലകളെത്തി. ഉദ്ദിഷ്ടകാര്യസാധ്യത്തിനും അനുഗ്രഹലബ്ധിക്കുള്ള നന്ദിയായും ജാതിമതഭേദമെന്യേ ചെയ്തുവരുന്ന നേർച്ചസമർപ്പണമാണ് പൂവൻകുല എടുത്തുവയ്ക്കൽ. ഈ നേർച്ചയുടെ ഉത്ഭവത്തിന് ആധാരം മേലൂരിൽനിന്നാണെന്നാണ് വിശ്വാസം.
മേലൂർ സെന്റ് ജോസഫ് പള്ളി വികാരി ഫാ.ടോമി കണ്ടത്തിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് അഞ്ചിനു നടന്ന വിശുദ്ധ കുർബാനയ്ക്കും പ്രാർഥനാശുശ്രൂഷകൾക്കുംശേഷമാണ് കൈക്കാരന്മാർ, കേന്ദ്രസമിതി ഭാരവാഹികൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഇടവകവിശ്വാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ പൂവൻകുലകൾ കൊരട്ടിയിലേക്ക് കൊണ്ടുപോയത്. കൊരട്ടി ഫൊറോന വികാരിയും സഹവൈദികരും ഇടവകപ്രതിനിധികളും മേലൂരിലെത്തിയിരുന്നു.
മുത്തിയുടെ സവിധത്തിലെത്തിച്ച നേർച്ചക്കുലകൾ വികാരി ഫാ. ജോൺസൺ കക്കാട്ട് ഏറ്റുവാങ്ങി. ഒന്നരശതാബ്ദത്തിലേറെ പഴക്കമുള്ള നേർച്ചയുടെ ഉത്ഭവത്തിന്റെ സ്മരണകളുണർത്തിയ നേർച്ചസമർപ്പണം കാണാൻ നൂറുകണക്കിനു വിശ്വാസികൾ പള്ളിയിലെത്തി.