ബ്ലാങ്ങാട്, ഏങ്ങണ്ടിയൂർ മാതൃകാമത്സ്യഗ്രാമം നവീകരണത്തിന് 14 കോടി
1453155
Saturday, September 14, 2024 1:44 AM IST
ചാവക്കാട്: നഗരസഭയിലെ ബ്ലാങ്ങാട്, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ഏങ്ങണ്ടിയൂർ എന്നിവിട ങ്ങളിൽ മാതൃകാമത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് ഏഴുകോടി രൂ പ വീതം വകയിരുത്തിയ പദ്ധതികൾക്കു രൂപരേഖയായി.
എന്‍.കെ. അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ നഗരസഭ ഹാളിലും ഏങ്ങണ്ടിയൂർ ഹാളിലും ചേർന്ന യോഗത്തിലാണു തീരുമാനം. പുത്തന്‍കടപ്പുറത്ത് ഫിഷ്ലാൻഡിംഗ് സെന്റര്‍ നിര്‍മാണം, ബ്ലാങ്ങാട് ബീച്ചില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി കമ്യൂണിറ്റി ഹാള്‍, ഫിഷ് മാര്‍ക്കറ്റ് നവീകരണം, ബ്ലാങ്ങാടിലെയും പുത്തന്കടപ്പുറത്തെയും ഫിഷറീസ് കോളനിയിലെ ഇരട്ടവീടു കള്‍ ഒറ്റവീടുകളാക്കി മാറ്റല്‍, മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി ബോട്ട് വാങ്ങി നല്കല്, മത്സ്യവിപണത്തിന് വാഹനങ്ങള്‍ നല്കല്, ഒബിഎം വര്‍ക്ക് ഷോപ്പ്, ഡ്രൈഫിഷ് യൂണിറ്റ് നവീകരണം, ബ്ലാങ്ങാട് ബീച്ചില്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വിപണനശാല തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ തീരുമാനമായി.
ഫിഷറീസ് വകുപ്പ് , നഗരസഭ - പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവയുടെ സംയുക്ത ടീം മത്സ്യഗ്രാമത്തില്‍ പരിശോധന നടത്തി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി. നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുഗന്ധ കുമാരി, തീരദേശ വികസന കോര്പറേഷന് റീജിയണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ബി. രമേശന്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രേഷ്മ ആര്. നായര്‍, നഗരസഭ സെക്രട്ടറി എം. എസ്. ആകാശ്, ഹാര്‍ബര്‍ എൻജിനീയറിംഗ് അസി. എക്സി. എൻജിനീയര്‍ സാലി വി. ജോര്‍ജ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ എംഎൽഎക്കും വിവിധ വകുപ്പ് ഉദ്യോഗ സ്ഥർക്കും പുറമെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്, സെക്രട്ടറി പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു. മത്സ്യഗ്രാമനവീകരണത്തിന് തീരുമാനമെടുത്തു.