തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം: എഡിജിപിക്കായി സിപിഎമ്മും ബിജെപിയും ഒരുപോലെ വാദിക്കുന്നു: പ്രതാപൻ
1451789
Monday, September 9, 2024 1:10 AM IST
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഒരുപോലെ വാദിച്ച് പിന്തുണയ്ക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ.
ഇരുവരും ഒരേഭാഷയിൽ സംസാരിക്കുന്നത് ഇരുപാർട്ടികളും തമ്മിലുള്ള അന്തർധാരയാണ് വ്യക്തമാക്കുന്നത്. തൃശൂർ ലോക്സഭാമണ്ഡലം ബിജെപി എടുത്തതല്ല മറിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മകളുടേയും ജില്ലയിലെ സിപിഎം നേതാക്കളുടേയും രക്ഷയ്ക്കായി ബിജെപിക്ക് നൽകിയതാണ്. കരുവന്നൂർ, എക്സാലോജിക്ക് കേസന്വേഷണം അട്ടിമറിച്ചതിനുള്ള പാരിതോഷികത്തിന്റെ ഉത്പന്നമാണ് സുരേഷ് ഗോപി.
പൂരം കലക്കിയത് പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണെന്നത് സ്ഥലത്തുണ്ടായിട്ടും ദേവസ്വം മന്ത്രി ഇടപെടാതിരുന്നിൽനിന്നു വ്യക്തമാണ്. തൃശൂരിനുപുറമേ തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ സീറ്റുകളും പിണറായിക്കുവേണ്ടി പ്രകാശ് ജാവദേക്കർക്ക് വാഗ്ദാനംനൽകിയത് എൽഡിഎഫ് കണ്വീനറായിരുന്ന ഇ.പി. ജയരാജനാണ്. അതിന്റെ തുടർച്ചയാണ് എഡിജിപിയുടെ ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങൾ ആസൂത്രണംചെയ്തത് ഈ ഡീലിന്റെ ഭാഗമായാണ്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐ, ഇഡി എന്നിവയുടെ അന്വേഷണ ഉദ്യോഗസ്ഥരെ എം.ആർ. അജിത്കുമാറിന്റെ താല്പര്യപ്രകാരം സ്ഥലംമാറ്റുകയും ഇഷ്ടക്കാരെ നിയമിക്കുകയും ചെയ്തതായും പ്രതാപൻ ആരോപിച്ചു.
ലാവലിൻ, ലൈഫ് മിഷൻ, സ്വർണക്കടത്ത്, സിഎംആർഎൽ, കരുവന്നൂർ തുടങ്ങിയ അന്വേഷണം ഇപ്പോൾ നടത്തുന്നത് എഡിജിപിയുടെ ഇഷ്ടക്കാരാണെന്നും പ്രതാപൻ പറഞ്ഞു. മുൻ എംഎൽഎ അനിൽ അക്കരയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.