റോഡിലെ കുഴിയടയ്ക്കൽ: വടക്കാഞ്ചേരിയിൽ ഗതാഗതക്കുരുക്ക്
1444014
Sunday, August 11, 2024 6:49 AM IST
വടക്കാഞ്ചേരി: നഗരത്തെ ഗതാഗതക്കുരുക്കിലാഴ്ത്തി പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടയ്ക്കൽ. ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യസർവീസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ടു.
വടക്കാഞ്ചേരി എസ്ഐ സി. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ മണിക്കൂറോളംനിന്ന് ഗതാഗതം നിയന്ത്രിച്ചു. തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ ഓട്ടുപാറ- കുന്നംകുളം റോഡ് ജംഗ്ഷനിൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരുന്നു.
ഇതടയ്ക്കുവാനായി റോഡിന്റെ സൈഡുകളിൽനിന്നു ബാരിക്കേഡുകൾവച്ച് സംസ്ഥാനപാതയിൽ വാഹനങ്ങൾ തടഞ്ഞതാണു വലിയ ഗതാഗതക്കുരുക്കിനു കാരണമായത്.
വലിയ തിരക്കുള്ള വടക്കാഞ്ചേരി നഗരത്തിന്റെ പ്രധാന ജംഗ്ഷനിൽ അറ്റകുറ്റപ്പണിക്കായി മുന്നറിയിപ്പില്ലാതെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതു വലിയ ഗതാഗതക്കുരുക്കിനും പ്രതിഷേധത്തിനും കാരണമായി.
ആംബുലൻസും ബസുകളും ഉൾപ്പെടെ ഗതാഗതക്കുരുക്കിൽപ്പെട്ട് ഏറെനേരം വഴിയിൽ കിടക്കേണ്ടിവന്നു. സ്കൂളുകൾ വിടുന്ന സമയമായതിനാൽ ഗതാഗതക്കുരുക്കു രൂക്ഷമായി. പരുത്തിപ്ര മുതൽ വടക്കാഞ്ചേരി റെയിൽവേ ഓവർ ബ്രിഡ്ജ് വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ഏറ്റെടുത്തു.
കായിക മന്ത്രി വടക്കാഞ്ചേരിയിലെത്തുന്ന സമയമായതോടെ ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ ഇടപെടുകയും കുഴിയടയ്ക്കൽ വേഗത്തിൽ പൂർത്തികരിച്ച് തടസങ്ങൾ നീക്കുകയുമായിരുന്നു. ഏറെ തിരക്കുള്ള സംസ്ഥാനപാതയിൽ വാഹനങ്ങൾ ഏറെയുള്ള സമയം അറ്റകുറ്റപ്പണികൾ നടത്തിയതു വലിയ പ്രതിഷേധത്തിന് ഇടയാക്കി.