മഴ ശമിച്ചു; ദുരിതം ഒഴിയാതെ ജനം
1441938
Sunday, August 4, 2024 7:18 AM IST
തൃശൂർ: മഴ ശമിച്ചെങ്കിലും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. മഴ കനത്തതോടെ എണ്ണായിരത്തോളം ആളുകളാണ് ക്യാന്പുകളിലെത്തിയത്. നിലവിൽ ആറായിരത്തോളം ആളുകൾ വിവിധ ക്യാന്പുകളിലുണ്ട്.
ക്യാന്പുകളുടെ എണ്ണം 135ൽനിന്ന് 93 ആയി കുറഞ്ഞെങ്കിലും 2260 കുടുംബങ്ങൾ ക്യാന്പുകളിൽ തുടരുകയാണ്. വീടുകൾ വൃത്തിയാക്കുന്നതിലെ കാലതാമസവും കനത്ത നാശവുമാണ് മടക്കം വൈകിക്കുന്നത്.
ക്യാന്പുകളിൽ ഇന്നലെയും മന്ത്രിമാരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. പീച്ചന്പിള്ളിക്കോണം പ്രദേശത്തു വെള്ളംകയറിയ ജനവാസമേഖലകൾ മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു.
ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി-അതിരപ്പിള്ളി-മലക്കപ്പാറ റോഡുകളിലേക്കു രാത്രിയാത്രയ്ക്കു നിരോധനം തുടരുന്നു. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പുനിലയെക്കാൾ കൂടുതലാണ്. ചെറുതുരുത്തി, കുറുമാലി, അരങ്ങാലി പുഴകളിൽ വെള്ളമിറങ്ങി.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഇന്നലെയും മഴക്കെടുതികൾ തുടർന്നു. ചേർപ്പ് - തൃപ്രയാർ റൂട്ടിൽ മാവുവീണ് ഗതാഗതം രണ്ടുമണിക്കൂറോളം തടസപ്പെട്ടു. ആളപായമില്ല. കാട്ടൂരിൽ എംഎം കനാൽ കരകവിഞ്ഞ് വീടുകളിൽ വെള്ളംകയറി. പാലിയേക്കര മടവാക്കരയിൽ മണലിപ്പുഴയോരം ഇടിഞ്ഞു നിരവധി മരങ്ങൾ നിലംപൊത്തി. പുഴയിൽ ജലനിരപ്പ് താഴ്ന്നെങ്കിലും ഒഴുക്കു ശക്തമാണ്. പുഴ വളഞ്ഞുപോകുന്ന ഇടങ്ങളിൽ വ്യാപക മണ്ണിടിച്ചിലുണ്ട്.
വടക്കാഞ്ചേരിയിൽ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്കു രണ്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായി. ഓട്ടുപാറയിലെ രണ്ടു സ്വകാര്യ ആശുപത്രികളിലും വെള്ളംകയറി വ്യാപകനാശമുണ്ടായി. 2018 ൽ മണ്ണിടിഞ്ഞ് 19 പേരുടെ മരണത്തിനിടയാക്കിയ കുറാഞ്ചേരിയിൽ കഴിഞ്ഞദിവസം ഒന്നര സെന്റോളം മണ്ണിടിഞ്ഞു.
ഗായത്രിപ്പുഴ കരകവിഞ്ഞതിനെത്തുടർന്നു ചീരക്കുഴി ഡാം റോഡ് തകർന്നടി ഞ്ഞു. ചീരക്കുഴി ശുദ്ധജലപദ്ധതിയുടെ പൈപ്പ് ലൈനുകളും തകർന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രം ഹാളിലെ ദുരിതാശ്വാസ ക്യാന്പ് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ സന്ദർശിച്ചു. കരുവന്നൂർ പുഴയോടു ചേർന്ന പ്രദേശങ്ങളിലും കാട്ടൂർ, കാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനു ശമനമില്ല. ജലനിരപ്പ് ഉയർന്നുതന്നെയാണ്. കരുവന്നൂർ കൊക്കരിപള്ളത്ത് വെള്ളം കയറി 70 വീട്ടുകാരെ ക്യാന്പിലേക്കു മാറ്റിയിരുന്നു. 28 വീട്ടുകാർക്കുമാത്രമാണു തിരികെപ്പോകാൻ കഴിഞ്ഞത്.
മലയോരമേഖലകളിൽ വ്യാപകമായി കൃഷിയും നശിച്ചു. വാഴക്കൃഷിയും ഓണവിപണി ലക്ഷ്യമിട്ടു വളർത്തിയ പച്ചക്കറികൃഷിക്കും ചെണ്ടുമല്ലി കൃഷിക്കും വ്യാപകനാശമുണ്ടായി.
പൂമല ഡാമിന്റെ ഷട്ടറുകൾ രണ്ടു സെന്റീമീറ്ററും പീച്ചി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ 11 ഇഞ്ചും തുറന്നിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റുകൾ അടച്ചെങ്കിലും റെഡ് അലർട്ട് തുടരുകയാണ്.
വാഴാനി ഡാമിന്റെ നാലു സ്പിൽവേ ഷട്ടറുകൾ 50 സെന്റീമീറ്റർ തുറന്നു. ചിമ്മിനി, പത്താഴക്കുണ്ട് ഡാമുകളുടെ സ് പിൽവേ ഷട്ടറുകൾ അടച്ചു.
സ്വന്തം ലേഖകൻ