കല്ലിടുക്കിൽ പതിനഞ്ചോളം കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ
1436637
Wednesday, July 17, 2024 1:16 AM IST
പട്ടിക്കാട്: കല്ലിടുക്ക് ഭാഗത്ത് പുനർനിർമിക്കുന്ന കലുങ്കിന്റെ നിർമാണം പൂർത്തിയാക്കാത്തത് പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങളെ വെള്ളക്കെട്ട് ഭീഷണിയിലാക്കി. കഴിഞ്ഞദിവസം മുതൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ തുടങ്ങിയത്.
കല്ലിടുക്ക് പീച്ചിഡാം റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദേശത്ത് കലുങ്ക് പുനർനിർമിക്കുന്നത്. എന്നാൽ മാസങ്ങളായിട്ടും കലുങ്കിന്റെ ഒരുഭാഗം മാത്രമാണ് പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് സാധിച്ചത്.
മുന്പ് കലുങ്കിലൂടെ വെള്ളം പോകാൻ രണ്ട് പൈപ്പുകൾ ഉണ്ടായിരുന്നത് ഒരു പൈപ്പ് മാത്രമാക്കി ചുരുക്കുകയും ചെയ്തു. മാത്രമല്ല മഴക്കാലത്തിന് മുന്പ് തെക്കുംപാടം തോട് വൃത്തിയാക്കാത്തതും പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ ഏറെ സാധ്യതയുള്ളതായി പ്രദേശവാസികൾ പറഞ്ഞു.