കോർപറേഷൻ ഭരണസ്തംഭനത്തിനെതിരെ കോൺഗ്രസ് പ്രക്ഷോഭം 19 മുതൽ
1436483
Tuesday, July 16, 2024 1:23 AM IST
തൃശൂർ: കോർപറേഷൻ ഭരണസ്തംഭനത്തിനും അഴിമതിക്കുമെതിരെ ജനകീയപ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്.
66 ദിവസമായിട്ടും കൗൺസിൽ യോഗം വിളിച്ചുചേർക്കാത്ത മേയറുടെ നടപടിക്കെതിരെ 19നു വൈകീട്ട് 3.30നു കോർപറേഷൻ ഓഫീസിനു മുൻപിൽ ജനകീയപ്രതിഷേധം നടത്തുമെന്നു ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. 22, 23, 24 തീയതികളിൽ കോർപറേഷൻ സോണൽ ഓഫീസുകളിലേക്കു പ്രതിഷേധമാർച്ച്. 29, 30, 31 തീയതികളിൽ കോർപറേഷൻ പ്രതിപക്ഷനേതാവിന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ 55 ഡിവിഷനുകളിലും വാഹനപ്രചാരണജാഥയും സംഘടിപ്പിക്കും.
മേയർ- ബിജെപി ബന്ധത്തെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ തർക്കത്തിന്റെ പേരിൽ ജനങ്ങളെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാകില്ല. ജനജീവിതം ദുസഹമായ സാഹചര്യത്തിലും അഴിമതിക്കുവേണ്ടി മാത്രം ഭരണത്തിൽ തുടരുന്ന എൽഡിഎഫ് ഭരണസമതിക്കെതിരെ തുടർച്ചയായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നു വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
ജോസ് വള്ളൂർ, എം.പി. വിൻസെന്റ്, പി.എ. മാധവൻ, അനിൽ അക്കര, എം.പി. ജാക്സൺ, ജോസഫ് ചാലിശേരി, അഡ്വ. ജോസഫ് ടാജറ്റ്, രാജൻ പല്ലൻ, സുനിൽരാജ് എന്നിവർ പ്രസംഗിച്ചു.