വാടാനപ്പിള്ളിയിൽ കർഷകർക്ക് ദുരിതമായ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
1436222
Monday, July 15, 2024 1:47 AM IST
വാടാനപ്പിള്ളി: കാടിറങ്ങി കൃഷിനാശംവരുത്തി വാടാനപ്പിള്ളി മേഖലയിൽ വിലസിയിരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ അധികൃതർ വെടിവച്ചുകൊന്നു.
കൃഷികൾ നശിപ്പിച്ച് വാടാനപ്പിള്ളി പഞ്ചായത്തിലെ വിവിധ പ്രദേശത്തും ഇടശേരിയിലും കാട്ടുപന്നി വിലസുകയായിരുന്നു. പോലീസ് സ്റ്റേഷന് പടിഞ്ഞാറ് ജവഹർ റോഡ് പരിസരത്തെ പൊന്തക്കാടുകൾ താവളമാക്കിയ കാട്ടുപന്നി പകൽ സമയത്തും പുറത്തിറങ്ങി നടന്നു. വീടുകളിലെ കൊള്ളി, വാഴ, അടക്കമുള്ള കൃഷികളാണ് ഇവ രാത്രിയിൽ തിന്ന് നശിപ്പിക്കുന്നത്.
വിദ്യാർഥികളെയടക്കം ഉപദ്രവിക്കുമെന്നതിനാൽ രക്ഷിതാക്കളും സ്ത്രീകളും ഭയപ്പാടിലായിരുന്നു. ഏതാനും മാസം മുമ്പ് നടുവിൽക്കര ഒമ്പതാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്് പി.വി. രവീന്ദ്രൻ മാഷുടെ വീട്ടുപറമ്പിലെ കൃഷികൾ നശിപ്പിച്ചിരുന്നു. തള്ളയും കുഞ്ഞുങ്ങളുമടക്കമുള്ള കാട്ടുപന്നികളെ നാട്ടുകാർ രാത്രി കണ്ടിരുന്നു.
കൃഷി നശിപ്പിച്ചുള്ള കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ പരാതിയുമായി രംഗത്തിറങ്ങി. ഇതോടെയാണ് പന്നിയെ കൊല്ലാനുള്ള നടപടി ബന്ധപ്പെട്ടവർ കൈക്കൊണ്ടത്.
ഇന്നലെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ അധികൃതർ എത്തുകയായിരുന്നു. ആശാൻ റോഡ് സ്വകാര്യവ്യക്തിയുടെ പറമ്പിലും പൊന്തക്കാട്ടിലൂടെയും ഇവ ഓടിനടക്കുന്നത് കണ്ട് തക്കംനോക്കി ഇവയെ വെടിവച്ചു കൊല്ലുകയായിരുന്നു.
ഫോറസ്റ്റ് അധികൃതരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുഴിച്ചുമൂടി. പന്നിയെ കൊന്നതിൽ കർഷകരും പ്രദേശവാസികളും ആശ്വാസത്തിലാണ്.