കെ.ജി. ജയൻ: ചെമ്പൈ സംഗീതോത്സവത്തെ സമ്പന്നമാക്കിയ സംഗീതജ്ഞൻ
1416798
Wednesday, April 17, 2024 12:27 AM IST
ഗുരുവായൂർ: അന്തരിച്ച സംഗീതജ്ഞൻ കെ.ജി. ജയൻ അരനൂറ്റാണ്ടിലേറെ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലെ പ്രധാനിയായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു കെ.ജി. ജയൻ.
ചെമ്പൈ സംഗീതോത്സവം ആരംഭിക്കുന്നതിന് മുമ്പ് ക്ഷേത്രത്തിനുള്ളിൽ നടന്നിരുന്ന ഏകാദശി സംഗീതോത്സവത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം കച്ചേരി അവതരിപ്പിക്കാൻ എത്തുമായിരുന്നു. പിന്നീട് ചെമ്പൈ സംഗീതോത്സവമായ ശേഷം എല്ലാ വർഷവും കച്ചേരി അവതരിപ്പിക്കാൻ എത്തുകയും ചെമ്പൈ സംഗീതോത്സവത്തിന്റെ സമാപന ദിനത്തിൽ ചെമ്പൈയുടെ ഇഷ്ടഗാനങ്ങൾ ആലപിച്ച് കച്ചേരിക്ക് സമാപനം കുറിക്കുന്നതും ചെമ്പൈയുടെ ശിഷ്യരായിരുന്ന കെ.ജി. ജയന്റെയും ടി.വി. ഗോപാലകൃഷ്ണന്റെയും നേതൃത്വത്തിലായിരുന്നു. 2022ലെ ചെമ്പൈ സംഗീതോത്സവ സമാപനത്തിനാണ് അവസാനമായി എത്തിയത്.
പ്രായത്തിന്റെ അവശതകൾ കാരണം കഴിഞ്ഞവർഷത്തെ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ എത്തിയില്ല. ഗുരുവായൂരപ്പ ഭക്തനായ കെ.ജി. ജയൻ ഇടയ്ക്കിടെ ക്ഷേത്രത്തിലെത്തുമായിരുന്നു. ക്ഷേത്രത്തില്‍ പുലര്‍ച്ചെ കേള്‍ക്കുന്ന പി. ലീല ആലപിക്കുന്ന ‘ജ്ഞാനപ്പാന’യ്ക്ക് സംഗീതം പകര്‍ന്നത് ജയനാണ്. പ്രശസ്തമായ ‘മയിൽപ്പീലി’ എന്ന പേരിലുള്ള കൃഷ്ണ ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയതും ജയന് തന്നെ. ഗുരുവായൂർ ദേവസ്വം ‘ചെമ്പൈ പുരസ്കാരം’ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കെ.ജി. ജയന്റെ വേർപാടോടെ ചെമ്പൈ സംഗീതവേദിയെ സമ്പന്നമാക്കിയ കർണാടക സംഗീതജ്ഞനെയാണ് നഷ്ടമാകുന്നത്.