കൊരട്ടി ദേശീയപാതയോരത്തും മദുരാ കോട്സ് വളപ്പിലും വൻതീപിടിത്തം
1415438
Wednesday, April 10, 2024 1:40 AM IST
കൊരട്ടി: കൊരട്ടി ജംഗ്ഷനോടു ചേർന്ന ദേശീയപാതയോരത്തും മദുരാ കോട്സ് വളപ്പിലും ഉണങ്ങിയ പുല്ലുകളും കാടും തീപിടിത്തത്തിൽ കത്തിയമർന്നു. കനത്ത ചൂടിൽ നാട് വെന്തുരുകുന്നതിനിടയിലാണ് ആദ്യം റോഡരികിലും തുടർന്ന് മദുരാ കോട്സ് വളപ്പിലേക്കും തീ ആളിപ്പടർന്നത്.
ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം. തീ വ്യാപിക്കുകയും ചൂടേറുകയും ചെയ്തതോടെ മദുരാ കോട്സ് വളപ്പിലെ മരങ്ങളിൽ തൂങ്ങിക്കിടന്ന നൂറുകണക്കിനു വവ്വാലുകൾ പറന്നുപോയി. വെയിലിന്റെ കാഠിന്യത്തിനൊപ്പം ഇളംകാറ്റും തീ കത്തിപ്പടരാൻ കാരണമായി.
അശ്രദ്ധമായി പാതവക്കിലേക്കു വലിച്ചെറിയുന്ന ബീഡി, സിഗററ്റ് കുറ്റികളായിരിക്കാം തീപിടിത്തത്തിനു കാരണമാകുന്നതെന്നാണ് കരുതുന്നത്. തീപിടിത്തം മേഖലയിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
സംഭവമറിഞ്ഞ് ചാലക്കുടിയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘം സ്റ്റേഷൻ ഓഫീസർ കെ. ഹർഷയുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ടുനിന്ന കഠിനശ്രമത്തിനൊടുവിലാണ് വൻ അഗ്നിബാധ ഒഴിവാക്കാനും തീ നിയന്ത്രണവിധേയമാക്കാനും ആയത്.
ചാലക്കുടി നിലയത്തിൽനിന്നും രണ്ട് യൂണിറ്റുകൾ രണ്ടു തവണ വീതം വെള്ളം നിറച്ചെത്തിയാണ് തീ അണച്ചത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗീസ്, സേന അംഗങ്ങളായ പി.കെ അജിത്കുമാർ, സി. ജയകൃഷ്ണൻ, അനിൽമോഹൻ, നിഖിൽ കൃഷ്ണൻ, പി.സന്ദീപ്, എസ്. സുജിത്, ഹോംഗാർഡ് കെ. എസ്. അശോകൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കൂടപ്പുഴയിലും തീപിടിത്തം
ചാലക്കുടി: കൂടപ്പുഴ സബ് സ്റ്റേഷന് എതിർവശം തരിശായി കിടക്കുന്ന സ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്ന ഇടത്ത് തീപിടിത്തം. പറമ്പ് മുഴുവനായും തീ പടർന്നു.
ചാലക്കുടി നിലയത്തിൽ നിന്നു സ്റ്റേഷൻ ഓഫീസർ കെ. ഹർഷയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗീസ്, സേനാംഗങ്ങളായ പി.കെ. അജിത്കുമാർ, സി.ജയകൃഷ്ണൻ, അനിൽമോഹൻ, നിഖിൽ കൃഷ്ണൻ, ഹോം ഗാർഡ് അശോകൻ കെ. എസ് എന്നിവർ ചേർന്ന് തീ അണച്ചു. തൊട്ടടുത്തായി ധാരാളം വീടുകൾ, ജാതി തോട്ടം എന്നിവിടങ്ങളിലേക്കു തീ പടരും മുൻപ് തീ അണയ്ക്കാനായി. അടുത്തായി സബ് സ്റ്റേഷനും റീചാർജിംഗ് സ്റ്റേഷനും ഉണ്ടായിരുന്നു.