അത്ലറ്റിക് ട്രാക്കുകളല്ല; ഇത് ദേശീയപാതയിൽ രൂപപ്പെട്ട ചാലുകളാണ് !!
1397277
Monday, March 4, 2024 1:11 AM IST
കൊരട്ടി: ചിത്രത്തിലേത് ഓട്ടമത്സരത്തിനായി ഒരുക്കിയ ട്രാക്കുകളാണെന്ന് തെറ്റിധരിക്കരുത്. ഇത് ദേശീയപാത 544ൽ രൂപപ്പെട്ട ചാലുകളാണ്.
മഴ പെയ്താൽ നീർച്ചാലുകളായി മാറിയാലും അത്ഭുതപ്പെടാനില്ല. കൊരട്ടി ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ നിന്നുള്ള ദൃശ്യമാണിത്. ടോറസ് അടക്കമുള്ള ഭാരവണ്ടികൾ കടന്നു പോകുന്നതിന് അനുയോജ്യമായ നിർമാണമല്ല ഉണ്ടായതെന്ന് റോഡിൽ രൂപപ്പെടുന്ന ചാലുകൾതന്നെ സാക്ഷ്യപ്പെടുത്തുകയാണ്. ദേശീയപാതയിൽ പൊങ്ങം മുതൽ മുരിങ്ങൂർ വരെ ഇത്തരം അപകടസാധ്യതകളുള്ള ഒട്ടേറെയിടങ്ങൾ കാണാം.
ചിലയിടങ്ങളിൽ മിനുസമായ പ്രതലം, ചിലയിടത്ത് കുന്നുകൂടിയ ടാറിംഗ്, മറ്റു ചിലയിടത്ത് വിണ്ടുകീറിയ ടാറിംഗ്. ചതിക്കുഴികളും വേണ്ടുവോളമുണ്ട്. വാഹനങ്ങൾ തെന്നി അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ദേശീയപാതയുടെ ശോചനീയവസ്ഥ കണ്ടിട്ടും നാഷണൽ ഹൈവേ അഥോറിറ്റിലെ ഉദ്യോഗസ്ഥ വൃന്ദവും ജനപ്രതിനിധികളും കണ്ണടയ്ക്കുകയാണ്. കാലവർഷമെത്തുന്നതിനു മുമ്പ് പരിഹാരമുണ്ടായില്ലെങ്കിൽ പ്രശ്നം സങ്കീർണമായേക്കും. മഴ പെയ്തു തുടങ്ങിയാൽ പാതയുടെ വിവിധയിടങ്ങളിൽ ആദ്യം ചെറിയ കുഴികളും പിന്നീട് അത് വലിയ കുഴികളായി മാറുന്നതും മുൻകാല ചരിത്രം.
അപകടങ്ങളുടെ ഗ്രാഫുകൾ ക്രമാതീതമായി ഉയർന്നിട്ടും നിർമാണത്തിലെ പോരായ്മകൾക്ക് ശാസ്ത്രീയ പരിഹാരം കാണാൻ അധികാരികൾ പുലർത്തുന്ന നിസംഗതക്കും അലംഭാവത്തിനുമെതിരെ ജനരോഷം ശക്തമാണ്. നടുറോഡിൽ ജീവൻ പൊലിയുമ്പോൾ ഓടിയെത്തുന്ന ജനപ്രതിനിധികൾ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടുകയാണ് വേണ്ടതെന്നാണ് നാട്ടുകാരുടെ പക്ഷം. അപകടങ്ങളുടെ കാരണങ്ങളും റോഡ് നിർമിതിയിലെ അപാകതകളും ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കുമെന്നും സത്വരപരിഹാരം കാണുമെന്നും അധികൃതർ ആവർത്തിച്ചു പറയുമ്പോഴും ഫലപ്രദമായ നടപടികൾ ഉണ്ടാകാറില്ലെന്നാണ് ജനങ്ങൾ പറയുന്നത്. സിഗ്നലുകളിലെ തകരാറുകൾ, സൂചനാ ബോർഡുകളുടെ അഭാവം, റിഫ്ലക്ടറുകളുടെയും മാർക്കിംഗ് സ്റ്റഡ്സുകളുടെയും അപര്യാപ്തത, പാതയിലെ വെളിച്ചക്കുറവ് എന്നിവക്കു പുറമെ പലയിടങ്ങളിൽ സർവീസ് റോഡുകളില്ലാത്തതും ഉപറോഡുകളിലേക്കുള്ള അനധികൃത ഓപ്പണിംഗുകൾ എന്നിവയ്ക്കും പരിഹാരം വേണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്.
അശാസ്ത്രീയമായ ടാറിംഗ് രീതി അടക്കമുള്ള സാങ്കേതിക പിഴവുകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്. ബ്ലാക്ക് സ്പോട്ടായി മാറിയ കൊരട്ടി ദേശീയപാതയിൽ അപകടങ്ങളൊഴിവാക്കാൻ പാതയിലെ പോരായ്മൾക്ക് ശാശ്വത പരിഹാരം കാണാൻ എംഎൽഎ, എംപി അടക്കമുള്ളവരും കാര്യക്ഷമമായി ഇടപെടണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.